കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രോസ്റ്റേറ്റ് വീക്കത്തിനുള്ള റിസം അക്വാബ്ലാഷന് ചികിത്സ
1466279
Sunday, November 3, 2024 7:50 AM IST
കണ്ണൂര്‍: ഉത്തരമലബാറിൽ ആദ്യമായി പ്രോസ്റ്റേറ്റ് വീക്കത്തിനുള്ള റിസം അക്വാബ്ലാഷന് ചികിത്സ കണ്ണൂർ ആസ്റ്റർ മിംസിൽ ഫലപ്രദമായി നടത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
പ്രോസ്റ്റേറ്റ് വീക്കം മൂലം മൂത്രതടസവും മറ്റ് ബുദ്ധിമുട്ടുകളും അനുഭവപ്പെടുകയും ദൈനംദിന ജീവിതം പോലും ദുസഹമായി മാറുകയും ചെയ്ത കണ്ണൂര്‍ സ്വദേശിയായ 58 വയസുകാരനാണ് റിസം അക്വാബ്ലാഷനിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരിച്ച് വന്നത്. നിയന്ത്രിതമായ അളവില്‍ നീരാവി ഉപയോഗിച്ച് വീക്കംവന്ന പ്രോസ്റ്റേറ്റ് ഗ്രന്ധി നീക്കം ചെയ്യുന്ന രീതിയാണിത്.
പരമ്പരാഗതമായ ശസ്ത്രക്രിയാ രീതികളെ അപേക്ഷിച്ച് വലിയ മുറിവ് ഉണ്ടാകുന്നില്ലെന്നതിനൊപ്പം കുറഞ്ഞ രക്തനഷ്ടമാത്രമേ ഉണ്ടാകുകയുള്ളൂ. വളരെ കുറഞ്ഞ അളവിലുള്ള അനസ്തേഷ്യ, അതിവേഗമുള്ള രോഗമുക്തി, ശസ്ത്രക്രിയ അനുബന്ധമായ സങ്കീർണതകളുടെ സാധ്യത കുറവ് എന്നിവയും റിസം അക്വാബ്ലാഷന്റെ പ്രത്യേകതയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കണ്ണൂർ ആസ്റ്റർ മിംസിലെ യൂറോളജി വിഭാഗം മേധാവി ഡോ. സത്യേന്ദ്രൻ നമ്പ്യാർ, കണ്‍സൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. അക്ബര്‍ സലിം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചികിത്സ നടത്തിയത്. പ്രോസ്റ്റേറ്റ് വീക്കത്തിന് നിലവില്‍ ലഭ്യമായ ഏറ്റവും നൂതന ചികിത്സാ രീതിയാണ് റിസം അക്വാബ്ലേഷന്‍ തെറാപ്പി. പ്രോസറ്റേറ്റ് വീക്കവുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ അവസ്ഥകള്‍ക്ക് പോലും ഫലപ്രദവും വിജയകരവുമായ ചികിത്സ സാധ്യമാകുന്ന റിസം അക്വാബ്ലേഷന്‍ യാഥാർഥ്യമാകുന്നതോടെ ഉത്തര മലബാറില്‍ പ്രോസ്റ്റേറ്റുമായി ബന്ധപ്പെട്ട ചികിത്സാമേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ഇതിലൂടെ കണ്ണൂര്‍ ആസ്റ്റര്‍ മിംസിന് സാധിക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
പത്രസമ്മേളനത്തിൽ ഡോ. സത്യേന്ദ്രൻ നമ്പ്യാർ, ഡോ. അക്ബര്‍ സലീം, ആസ്റ്റർ മിംസ് കണ്ണൂർ സിഎംഎസ് ഡോ.സുപ്രിയ രഞ്ജിത്ത്, ഡിജിഎം ഓപ്പറേഷൻസ് ഹെഡ് വിവിൻ ജോർജ് എന്നിവർ പങ്കെടുത്തു.