നായനാർമലയിലെ വിവാദ ക്വാറി നിരോധിക്കാൻ അയ്യായിരം പേർ ഒപ്പിട്ട നിവേദനം നൽകി
1465822
Saturday, November 2, 2024 4:27 AM IST
ചെമ്പന്തൊട്ടി: ശ്രീകണ്ഠപുരം നഗരസഭാ പരിധിയിലെ ചെമ്പന്തൊട്ടി നായനാർമലയിൽ, പ്രദേശവാസികൾക്ക് ദുരന്തഭീഷണിയായി നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചുവരുന്ന കരിങ്കൽ ക്വാറിക്ക് പരിപൂർണ നിരോധനം ഏർപ്പെടുത്തമെന്നാവശ്യപ്പെട്ട് അയ്യായിരം പേർ ഒപ്പിട്ട നിവേദനം നഗരസഭാ അധികൃതർക്ക് നൽകി.
നായനാർമല ക്വാറി വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നൽകിയ നിവേദനം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന, നഗരസഭാ സെക്രട്ടറി ടി.വി. നാരായണൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
നഗരസഭയും 30 കൗൺസിലർമാരും ചെമ്പന്തൊട്ടിയിലെ ജനങ്ങളോടൊപ്പമാണെന്നും ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസമായ ക്വാറിയുടെ എൻഒസി പിൻവലിക്കാൻ എത്രയും വേഗത്തിൽ നടപടിയുണ്ടാകുമെന്നും നഗരസഭാ അധികൃതർ ജനകീയ സമിതിക്ക് ഉറപ്പുനൽകിയിട്ടുണ്ട്.