സ്ഥിരം റൂട്ടിൽനിന്ന് സൗഹൃദ റൂട്ട് ഒരുക്കി കെഎസ്ആർടിസിയും യാത്രക്കാരും
1465813
Saturday, November 2, 2024 4:27 AM IST
ആലക്കോട്: പൈതൽമല-തലശേരി റൂട്ടിൽ സ്ഥിരമായി യാത്ര നടത്തുന്ന കെഎസ്ആർടിസി ദീപാവലി ദിനത്തിൽ വഴിമാറിയോടിയത് സൗഹൃദത്തിന്റ പുതിയ റൂട്ടിലേക്ക്.
പതിവ് റൂട്ടിലെ സ്ഥിരം യാത്രക്കാരാണ് ഓഫീസ് വേഷങ്ങളൊക്കെ അഴിച്ചുവച്ച് വയനാട്ടിലേക്ക് ഉല്ലാസയാത്ര നടത്തിയത്. പൈതൽമല-തലശേരി റൂട്ടിൽ 2006ലാണ് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചത്.
രാവിലെ 6.30ന് പൈതൽമലയിൽനിന്ന് പുറപ്പെട്ട് ചെമ്പേരി, ശ്രീകണ്ഠപുരം, ഇരിക്കൂർ വഴി 9.30ന് തലശേരിയിലെത്തും. തുടർന്ന് വൈകുന്നേരം 4.45ന് പുറപ്പെട്ട് രാത്രി 8.15ന് പൈതൽമലയിലെത്തും. സ്ഥിരം യാത്രക്കാരാണേറെയും.
സർക്കാർ ജീവനക്കാരും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചയ്യുന്ന വരുമായി "ഹൗസ്ഫുൾ' ആയിട്ടാണ് സർവീസ്. ബസെത്തിയ സ്ഥലങ്ങൾ അറിയാനും വിവരങ്ങൾ കൈമാറാനുമുണ്ടാക്കിയ സ്ഥിരം യാത്രക്കാരുടെ വാട്സ്ആപ് യാത്രക്കൂട്ടായ്മയാണ് ഒഴിവ് ദിനത്തിൽ ചുരം കയറാനും മുന്നിട്ടിറങ്ങിയത്.
മട്ടന്നൂരിലെ രണ്ടുവയസുകാരി രേവതി ഷിജു മുതൽ 58 പേർ സംഘത്തിലുണ്ടായിരുന്നു. വ്യാഴാഴ്ച്ച രാവിലെ ആറിന് കണ്ണൂർ ഡിപ്പോയിൽനിന്നും പുറപ്പെട്ട് പൂക്കോട് തടാകം, എടക്കൽഗുഹ, എൻഊര്, ഹണി മ്യൂസിയം എന്നിവ സന്ദർശിച്ച് രാത്രി 11നാണ് കണ്ണൂരിൽ തിരിച്ചെത്തിയത്.
തലശേരി രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരൻ മലപ്പട്ടം സ്വദേശി കെ.പി. പ്രേമരാജൻ, ബ്രണ്ണൻ കോളജ് ലൈബ്രേറിയൻ കണിയാർവയൽ സ്വദേശി ഇ.വി. പുരുഷോത്തമൻ, തലശേരി കോടതി ജീവനക്കാരൻ ഇ.പി. നസീർ, കോടതിയിൽനിന്ന് വിരമിച്ച എ.പി. ചന്ദ്രൻ എന്നിവരായിരുന്നു പരിപാടിയുടെ ആസൂത്രകർ.
ദീപാവലി ദിനത്തിലെ യാത്രയുടെ ഭാഗമായി ദിപം തെളിച്ച് കെഎസ്ആർടിസിക്ക് ഐക്യദാർഡ്യവും രേഖപ്പെടുത്തിയാണ് വിനോദയാത്ര അവസാനിപ്പിച്ചത്.