മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴ ചുമത്തി
1461282
Tuesday, October 15, 2024 7:10 AM IST
തളിപ്പറമ്പ്: കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ പൂമംഗലം കാഞ്ഞിരങ്ങാട് റോഡരികിൽ മാലിന്യങ്ങൾ തള്ളിയ ആളെ കണ്ടെത്തി മാലിന്യങ്ങൾ തിരികെ എടുപ്പിച്ചു. പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയ വ്യക്തിയെക്കുറിച്ച് സൂചന ലഭിച്ചത്.
ഈ റോഡരികിൽ കുറേ മാസങ്ങളായി വിവിധ തരത്തിലുള്ള മാലിന്യങ്ങൾ തള്ളുന്നത് പതിവാണ്. വാഹനങ്ങളിൽ വന്ന് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് പതിവായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ കർമസമിതി രൂപീകരിച്ച് രംഗത്ത് ഇറങ്ങിയിരുന്നു.
കോഴി ഇറച്ചി മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷ്യ മാലിന്യങ്ങളും ഉൾപ്പെടെയാണ് ഇവിടെ റോഡരികിൽ തള്ളുന്നത്. ഞായറാഴ്ച രാത്രി ഇവിടെ തള്ളിയ മാലിന്യം കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. ലക്ഷ്മണൻ, ഹെൽത്ത് ഇൻസ്പെക്ടർ പി. രമ്യ എന്നിവരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പരിശോധിച്ചിരുന്നു. പരിശോധനയിൽ പന്നിയൂരിലെ ആലി എന്നയാളാണ് മാലിന്യം തള്ളിയതെന്ന് വ്യക്തമാക്കുന്ന തെളിവ് കണ്ടെടുക്കുകയും ഇയാളെ വിളിച്ചുവരുത്തി മാലിന്യം തിരുകിയെടുപ്പിക്കുകയും പഞ്ചായത്ത് പിഴ ചുമത്തുകയും ചെയ്തു.