ലഹരിക്കെതിരേ എഡിഎസ്യു സംഗമം
1576901
Friday, July 18, 2025 7:58 AM IST
ചെമ്പേരി: തലശേരി അതിരൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ സ്കൂളുകളിലെ അധ്യാപകരുടെ സംഗമം, പ്രവർത്തനവർഷ ഉദ്ഘാടനം, ബെസ്റ്റ് സ്കൂളുകൾക്കുള്ള അവാർഡ് വിതരണം എന്നിവയോടൊപ്പം ലഹരിക്കെതിരെ എഡിഎസ്യു അതിരൂപത സംഗമവും ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിംഗ് കോളജ് ഹാളിൽ നടന്നു.
അതിരൂപത കോർപറേറ്റ് മാനേജർ ഫാ.സോണി വടശേരിൽ ഉദ്ഘാടനം ചെയ്തു. എഡിഎസ്യു അതിരൂപത ഡയറക്ടർ ഫാ. ജിതിൻ വയലുങ്കൽ അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ ആഭിമുഖ്യത്തിലുള്ള മുഴുവൻ സ്കൂളുകളിലെയും എഡിഎസ്യു ആനിമേറ്റർമാരുടെ ശില്പശാലയും നടന്നു.
സ്കൂളുകളിൽ എഡിഎസ് യു സംഘടന ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യം കോർപ്പറേറ്റ് മാനേജർ ഫാ. സോണി വടശേരിൽ അധ്യാപകരെ ബോധ്യപ്പെടുത്തി. ലഹരിക്കെതിരെ വിദ്യാർഥികളുടെ ഇടയിൽ അധ്യാപകർ ഏതെല്ലാം വിധത്തിൽ പ്രവർത്തിക്കണമെന്നത് സംബന്ധിച്ചായിരുന്നു ശില്പശാല.
കഴിഞ്ഞവർഷത്തെ മികച്ച എഡിഎസ് യു പ്രവർത്തന യൂണിറ്റുകൾക്കുള്ള അവാർഡുകൾ വെള്ളരിക്കുണ്ട് നിർമലഗിരി എൽപി സ്കൂൾ, കരിക്കോട്ടക്കരി സെന്റ് തോമസ് യുപി സ്കൂൾ, മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ, എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവ കരസ്ഥമാക്കി. മാഗസിൻ അവാർഡ് യുപി വിഭാഗത്തിൽ കരിക്കോട്ടക്കരി സെന്റ് തോമസ് യുപി സ്കൂൾ, ഹൈസ്കൂൾ വിഭാഗത്തിൽ മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽ പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയും കരസ്ഥമാക്കി.
കോർപ്പറേറ്റ് മാനേജർ ഫാ. സോണി വടശേരിൽ അവാർഡ് വിതരണം ചെയ്തു.
ചടങ്ങിൽ പുതിയ വർഷത്തെ മാർഗരേഖ പ്രകാശനവും, "ലഹരിക്ക് നോ പറഞ്ഞവർ" എന്ന പരമ്പരയുടെ ഉദ്ഘാടനവും നടത്തി. എഡിഎസ് യു അതിരൂപത ചീഫ് ഓർഗനൈസർ ടോണിസ് ജോർജ്, അതിരൂപത പ്രസിഡന്റ് ഡൽവിൻ സാബു ജോർജ്, വൈസ് പ്രസിഡന്റ് ഡാനി സെബാസ്റ്റ്യൻ, അതിരൂപത ആനിമേറ്റർ ശോഭ ടോം എന്നിവർ പ്രസംഗിച്ചു.