തൊടീക്കളത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു നേരേ ആക്രമണം
1576983
Saturday, July 19, 2025 12:39 AM IST
കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ തൊടീക്കളത്ത് സിപിഎം പ്രവർത്തകർ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് നേരെ ആക്രമണം. കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ജി. പവിത്രന്റെ സ്മരണക്കായി ജിപി നഗറിൽ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഫ്ലക്സ് ബോർഡ് കീറി നശിപ്പിച്ചതോടൊപ്പം കാവി പെയിന്റും അടിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. തൊടീക്കളത്തെ ആർഎസ്എസ് സംഘമാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് നേരെ അതിക്രമം കാണിച്ചതെന്നാണ് പരാതി.
കണ്ണവം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ആർഎസ്എസ് നീക്കത്തിൽ സിപിഎം ചിറ്റാരിപ്പറമ്പ് ലോക്കൽ കമ്മറ്റി പ്രതിഷേധിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം തൊടിക്കളത്ത് പ്രകടനവും പ്രതിഷേധയോഗവും നടക്കും.