കനത്ത മഴയിൽ മതിൽലിടിഞ്ഞ് വീട് അപകടാവസ്ഥയിൽ
1576975
Saturday, July 19, 2025 12:39 AM IST
മട്ടന്നൂർ: കളറോഡിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. വീടിന്റെ മുറ്റം അടക്കം തോട്ടിലേക്ക് പതിച്ചു. മട്ടന്നൂർ നഗരസഭയിലെ കളറോഡ് വാർഡിലെ ഒടിയത്തിൽ ഭാഗത്ത് താമസിക്കുന്ന നടുവനാട് സ്വദേശി കെ. ഷമീറിന്റെ വീടാണ് അപകടാവസ്ഥയിലായത്. വ്യാഴാഴ്ച്ച രാത്രി പെയ്ത കനത്ത മഴയിലായത് ചുറ്റുമതിൽ അടക്കം തകർന്നു തോട്ടിലേക്ക് പതിച്ചത്. വീടിനോട് ചേർന്നു ചെങ്കല്ലുകൊണ്ട് നിർമിച്ച മതിലാണ് തോട്ടിലേക്ക് ഇടിഞ്ഞു വീണത്.
മതിൽ ഇടിഞ്ഞതോടെ വീടിന്റെ അടുക്കളയുടെയും കുളിമുറിയുടെയും ഭാഗം അപകടാവസ്ഥയിലായി. മുറ്റം വീണ്ടു കീറി തോട്ടിലേക്ക് ഏതുനിമിഷവും പതിക്കാമെന്ന അവസ്ഥയിലാണ്. വീടിന് ഭീഷണി നിലനിൽക്കുന്നതിനാൽ വീട്ടുകാരെ ബന്ധു വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. സംഭവ സ്ഥലം വാർഡ് കൗൺസിലർ പി.പി. അബ്ദുൾ ജലീൽ, ഇ.സി. മുഹമ്മദ് ഷഫീക്ക് എന്നിവർ സന്ദർശിച്ചു.