കണ്ണൂർ സർവകലാശാലയിലെ പ്രൈവറ്റ് രജിസ്ട്രേഷൻ: നാക് ഡയറക്ടർ അന്വേഷണം തുടങ്ങി
1576979
Saturday, July 19, 2025 12:39 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ കോഴ്സുകൾ പഠിക്കാനുള്ള പ്രൈവറ്റ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നാക് ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. സെനറ്റംഗം ഷിനോ പി.ജോസ് യുജിസിക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. നിലവിൽ, കണ്ണൂർ യൂണിവേഴ്സിറ്റിക്ക് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താനുള്ള അംഗീകാരമില്ല. നാകിന്റെ നിശ്ചിത ഗ്രേഡ് ലഭിച്ചാൽ മാത്രമാണ് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താനുള്ള അംഗീകാരം ലഭിക്കുകയുള്ളൂ. ഇതിനിടെയിലാണ് ബദൽ സംവിധാനമായി പ്രൈവറ്റ് രജിസ്ട്രേഷൻ യൂണിവേഴ്സിറ്റി നടത്തുന്നത്.
സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ വിവിധ കോഴ്സുകളിലായി പതിനായിരത്തോളം സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾക്ക് ഫീസ് പോലും ഇല്ലാതെ കോഴ്സുകളിൽ ചേർന്ന് പഠിക്കാൻ സാധിക്കും.എന്നാൽ, കണ്ണൂർ യൂണിവേഴ്സിറ്റി കഴിഞ്ഞ അഞ്ചുവർഷമായി പ്രൈവറ്റ് രജിസ്ട്രേഷൻ നിർബാധം തുടരുകയാണെന്നാണ് യുജിസിക്ക് നല്കിയ പരാതിയിൽ പറയുന്നത്. തുടർന്നാണ്, അന്വേഷണത്തിന് നാക് ഡയറക്ടറെ ചുമതലപ്പെടുത്തിയത്.