പാലക്കോട് വീണ്ടും മണൽത്തിട്ടയിലിടിച്ച് തോണി മറിഞ്ഞു
1576900
Friday, July 18, 2025 7:58 AM IST
പയ്യന്നൂർ: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വള്ളങ്ങൾ മണൽത്തിട്ടയിൽ ഇടിച്ച് അപകടമുണ്ടായ പാലക്കോട് വലിയ കടപ്പുറം അഴിമുഖത്ത് ഇന്നലെയും തോണിയപകടം.
രാവിലെ ഒന്‍പതരയോടെയാണ് സംഭവം. ഒഴുക്കുവല ഉപയോഗിച്ച് മീൻ പിടിച്ച് തിരിച്ചുവരുന്ന തോണിയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ തോണിയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ കടലിലേക്ക് തെറിച്ചു വീണെങ്കിലും പരിക്കേൽക്കാതെ നീന്തി രക്ഷപ്പെട്ടു.
മണല്‍ത്തിട്ടയുടെ അടുത്ത് നിർമാണം നടക്കുന്ന പുലിമുട്ടിലെ കരിങ്കല്ലുകളില്‍ ഇടിക്കാതിരുന്നതിനാലാണ് തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളില്‍ അപകടമുണ്ടായ അതേ സ്ഥലത്താണ് ഇന്നലെയും അപകടമുണ്ടായത്. പൂര്ത്തീകരണത്തിലെത്താത്ത പുലിമുട്ടിനരികില് രൂപപ്പെട്ട മണല്‍ത്തിട്ടയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയായി മാറിയത്. അടിയന്തര പ്രാധാന്യമുള്ള ഈ പ്രശ്നം ശ്രദ്ധയില്‍പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും പരിഹാര നടപടികള്‍ കാണാത്തതിനെത്തുടർന്ന് മത്സ്യത്തൊഴിലാളികള്‍തന്നെ ഹിറ്റാച്ചി കൊണ്ടുവന്ന് മണല്‍ത്തിട്ട നീക്കം ചെയ്യുന്ന പ്രവര്‍ത്തി ആരംഭിച്ചിരിക്കുകയാണ്.