നാലു ദിവസം റെഡ് അലർട്ട്: വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവച്ചു
1576890
Friday, July 18, 2025 7:58 AM IST
കണ്ണൂർ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ 17, 18, 19, 20 തീയതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവച്ചു.
സഞ്ചാരികളുടെ സുരക്ഷ മുൻ നിർത്തി ജില്ലയിലെ ബീച്ചുകളിൽ അടക്കം പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ശക്തമായ കടൽ ക്ഷോഭം കാരണം വെള്ളം കേറുന്നതിനാൽ വാഹനങ്ങൾ താഴ്ന്ന് പോകുന്നതുൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് ഉള്ള വാഹനങ്ങളുടെ പ്രവേശനം നേരത്തെ നിർത്തിയിട്ടുണ്ട്.
കയാക്കിംഗ്, റാഫ്റ്റിംഗ്, ട്രെക്കിംഗ് തുടങ്ങിയ സാഹസിക വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്കും നിരോധനം ബാധകമാണ്. നിയന്ത്രണം ലംഘിച്ച് ബീച്ചുകളിൽ അടക്കം പോകുന്നത് അപകടം വിളിച്ചു വരുത്തുമെന്നതിനാൽ മേൽ കാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ഡിടിപിസി അറിയിച്ചു. ജില്ലയിൽ റെഡ് അലർട്ട് പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരും. എന്നാൽ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ തുടരും.
അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ, കാസർഗോ ഡ് ജില്ലകളിൽ ജൂലൈ 17 മുതൽ 20 വരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.