കൈത്താങ്ങ് ചികിത്സാ സഹായ പദ്ധതി
1451235
Saturday, September 7, 2024 1:37 AM IST
ഇരിട്ടി: പേരട്ട വാർഡ് എഡിഎസിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൈത്താങ്ങ് ചികിത്സാ സഹായം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ അംഗം നസീമ അച്ചുകൊമ്പന് ധനസഹായം കൈമാറി. വാർഡ് അംഗം ബിജു വെങ്ങലപള്ളി 8000 രൂപയുടെ അടിയന്തര സഹായമാണ് കൈമാറിയത്. പേരട്ട വാർഡിലെ 25 കുടുംബശ്രീ യൂണിറ്റുകളിലെ 300 വരുന്ന അംഗങ്ങൾ ചേർന്ന് സമാഹരിക്കുന്ന തുകയാണ് അടിയന്തര ധനസഹമായി അംഗങ്ങൾക്ക് നൽകുന്നത്.
ഒരംഗം ഒരു മാസം 10 രൂപയാണ് ഇതിലേക്ക് സംഭവനയായി നൽകേണ്ടത്. ഇങ്ങനെ സമാഹരിക്കുന്ന തുക ബാങ്കിൽ നിക്ഷേപിക്കും. ചികിത്സാ ധനസഹായം ആവശ്യമുള്ളവർ എഡിഎസിൽ അപേക്ഷ സമർപ്പിച്ചാൽ അംഗത്തിന്റെ ചികിത്സയുടെ ആവശ്യം അനുസരിച്ചുള്ള തുക അടിയന്തര ധനസഹായ മായി നൽകും. ഇത്തരത്തിൽ ലഭിക്കുന്ന തുക അംഗം പിന്നീട് തിരിച്ചടക്കേണ്ടതില്ല.
കൈത്താങ്ങിലൂടെ കുടുംബശ്രീ അംഗങ്ങൾക്ക് 15000 രൂപ വരെ ധനസഹായം നല്കിയിട്ടുണ്ട്. കൈത്താങ്ങ് ചികിത്സ സഹായ പദ്ധതിയിലൂടെ ഒന്നരലക്ഷം രൂപ സമാഹരിച്ചുകഴിഞ്ഞു.