പദ്മജയെയും ജോസിന്റെ കുടുംബത്തെയും എം.വി. ജയരാജൻ സന്ദർശിച്ചു
1591778
Monday, September 15, 2025 5:00 AM IST
കൽപ്പറ്റ: ആത്മഹത്യക്ക് ശ്രമിച്ച് ബത്തേരിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കോണ്ഗ്രസ് കുടുംബാംഗം പദ്മജയെയും ജീവനൊടുക്കിയ മുള്ളൻകൊല്ലി പഞ്ചായത്ത് ഭരണസമിതിയംഗവും കോണ്ഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തിന്റെ കുടുംബത്തെയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ സന്ദർശിച്ചു.
ജില്ലാ സെക്രട്ടറി കെ. റഫീഖ്, നേതാക്കളായ വി.വി. ബേബി, സി.കെ. രാമചന്ദ്രൻ, പി.ആർ. ജയപ്രകാശ് രുക്മിണി സുബ്രഹ്മണ്യൻ എന്നിവർക്കൊപ്പമാണ് ജയരാജൻ പദ്മജയെ കാണാനെത്തിയത്.
കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരുമകളാണ് പദ്മജ. വിജയന്റെ കുടുംബത്തിന്റെ സാന്പത്തിക ബാധ്യത കോണ്ഗ്രസ് ഏറ്റെടുക്കുന്നില്ലെങ്കിൽ സിപിഎം സഹായത്തിനു തയാറാകുമെന്ന് ജയരാജൻ ആശുപത്രി പരിസരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പാർട്ടി നേതാക്കളായ കെ. റഫീഖ്, രുക്മിണി സുബ്രഹ്മണ്യൻ, എം.എസ്. സുരേഷ്ബാബു, ബൈജു നന്പിക്കൊല്ലി, സി.പി. വിൻസന്റ് എന്നിവർക്കൊപ്പമായിരുന്നു ജോസിന്റെ വസതിയിൽ സന്ദർശനം. ജോസിന്റെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു.