മകന്റെ വിവാഹദിനത്തിൽ രണ്ട് കുടുംബങ്ങൾക്ക് അഞ്ച് സെന്റ് വീതം സ്ഥലം നൽകി ദന്പതികൾ
1591776
Monday, September 15, 2025 5:00 AM IST
സുൽത്താൻ ബത്തേരി: മൂത്ത മകന്റെ വിവാഹദിനത്തിൽ രണ്ട് നിർധന കുടുംബങ്ങൾക്ക് ഭവനനിർമാണത്തിന് അഞ്ച് സെന്റ് വീതം സ്ഥലം നൽകി ദന്പതികൾ. റോട്ടറി ക്ലബ് അംഗം മൂലങ്കാവ് വിളക്കുന്നേൽ സണ്ണി- ഷീജ ദന്പതികളാണ് മകൻ വി.ടി. ആർജിതിന്റെയും ഇരുളം കൊടിത്തോപ്പിൽ തോമസ്-മിനി ദന്പതികളുടെ മകൾ നിനുവിന്റെയും വിവാഹദിനത്തിൽ ഭൂദാനം നടത്തിയത്.
മൂലങ്കാവ് സെന്റ് ജൂഡ്സ് പള്ളിയിൽ നടന്ന വിവാഹകർമത്തിനുശേഷം നവദന്പതികൾ ഭൂമിയുടെ രേഖ കുടുംബങ്ങൾക്ക് കൈമാറി. ചീരാൽ ടൗണിന് ഒരു കിലോമീറ്റർ അകലെയുള്ള ഭൂമിയുടെ രജിസ്ട്രേഷൻ നേരത്തേ നടത്തിയിരുന്നു.
ചീരാൽ ഉള്ളോലിക്കൽ ഷിനു പത്രോസ്, മലവയൽ കണിയാംവയൽ കെ.എസ്. നീനു എന്നിവർക്കാണ് ഭൂമി ലഭിച്ചത്. വളരെ പ്രയാസകരമായ സാഹചര്യങ്ങളിൽ കഴിഞ്ഞിരുന്നവരാണ് ഇവരും കുടുംബാംഗങ്ങളും.
രണ്ട് കുടുംബങ്ങളുടെയും ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെതിനെത്തുടർന്നാണ് അഞ്ച് സെന്റ് വീതം ഭൂമി നൽകാൻ വിളക്കുന്നേൽ കുടുംബം തീരുമാനിച്ചത്. ചിറ്റിലപ്പള്ളി റോട്ടറി സ്വപ്ന ഭവന പദ്ധതിയിൽ ഷിനുവിനും നീനുവിനും വീട് ലഭ്യമാക്കുന്നതിനു ഇടപെട്ടതായി സണ്ണി പറഞ്ഞു.