വിജയന്റെ കുടുംബത്തിന്റെ ബാധ്യത പാർട്ടി എന്തിന് ഏറ്റെടുക്കണം? ചോദ്യവുമായി കോണ്‍ഗ്രസ് പ്രവർത്തകർ
1591800
Monday, September 15, 2025 5:40 AM IST
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ ആയിരിക്കേ സാന്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടതിനെത്തുടർന്ന് വിഷം കഴിച്ച് ജീവനൊടുക്കിയ ബത്തേരി മണിച്ചിറ എൻ.എം. വിജയന്റെ കുടുംബത്തിന്റെ ബാധ്യത കോണ്‍ഗ്രസ് എന്തിന് ഏറ്റെടുക്കണം? വിജയന്റെ ബാധ്യത പൂർണമായും ഏറ്റെടുക്കാതെ പാർട്ടി നേതൃത്വം വഞ്ചിച്ചുവെന്ന ആരോപണം മരുമകൾ പദ്മജ ഉന്നയിക്കുകയും കൈഞരന്പ് മുറിച്ച് കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ജില്ലയിലെ കോണ്‍ഗ്രസ് പ്രവർത്തകകരിൽ ഒരു വിഭാഗം ഉയർത്തുന്നതാണ് ഈ ചോദ്യം.
വിഷം കഴിച്ച എൻ.എം. വിജയൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലരിക്കേ 2024 ഡിസംബർ 27നാണ് മരിച്ചത്. വിജയനൊപ്പം വിഷം കഴിച്ച ഇളയമകൻ ജിജേഷും ചികിത്സയിലിരിക്കേ ഇതേ ദിവസം മരിച്ചു. മരണത്തിനു മുന്‍പ് വിജയൻ എഴുതി കുറിപ്പുകൾ പുറത്തുവരികയും അവയിലെ ഉള്ളടക്കം വിവാദമാകുകയും ചെയ്തപ്പോഴാണ് അദ്ദേഹം കടത്തിൽ മുങ്ങിയകഥ കോണ്‍ഗ്രസിലെ സാധാരണ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുന്നത്.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ ജോലി വാഗ്ദാനം ചെയ്ത് വിജയൻ ഇടനിലക്കാരൻ എന്ന നിലയിൽ അനേകം ആളുകളിൽനിന്നു പണം വാങ്ങിയിരുന്നു. ഇവരിൽ പലർക്കും ജോലി കൊടുക്കാനോ പണം തിരികെ നൽകാനോ വിജയനു കഴിഞ്ഞില്ല. നിയമന വാഗ്ദാനം നൽകി ആളുകളിൽനിന്നു വാങ്ങിയ പണം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളിൽ ചിലർക്കാണ് വിജയൻ കൈമാറിയത്. ഈ വിവരം വ്യക്തമാക്കുന്നതായിരുന്നു വിജയന്റെ മരണശേഷം പുറത്തുവന്ന കുറിപ്പുകൾ.
വ്യക്തിഗത ആവശ്യങ്ങൾക്കും പാർട്ടിയിൽപ്പെട്ട ചിലരുടെ താത്പര്യം മുൻനിർത്തിയും വിജയൻ സ്വന്തം സ്വത്ത് പണയപ്പെടുത്തി ലക്ഷക്കണക്കിനു രൂപ ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പയെടുത്തിരുന്നു. ബാധ്യതകൾ വലിയ അലോസരമായപ്പോഴായിരുന്നു വിജയന്റെയും മകന്റെയും ആത്മഹത്യ.
ബാങ്കുകളിൽ നിയമനത്തിന് നൽകിയവർ ബാധ്യതകൾ വീട്ടുന്നതിന് പലവട്ടം കത്തുനൽകിയിട്ടും പാർട്ടിയിലെ ഉത്തരവാദപ്പെട്ടർ കൂട്ടാക്കിയില്ലെന്ന പരിഭവം വിജയന്റെ കുറിപ്പുകളിൽ ഉണ്ടായിരുന്നു.
വിജയന്റെ മരണം വിവാദമാകുകയും മുതിർന്ന നേതാക്കളിൽ ചിലർ ആത്മഹത്യ പ്രേരണയ്ക്ക് കേസിൽപ്പെടുകയും ചെയ്തപ്പോൾ പാർട്ടി ഇടപെടൽ ഉണ്ടായി. വിജയന്റെ വീട് സന്ദർശിച്ച പാർട്ടി നേതാക്കൾ ബാധ്യതകൾ ഏറ്റെടുക്കുമെന്ന് കുടുംബാംഗങ്ങൾക്ക് രേഖാമൂലം ഉറപ്പുനൽകി.
ബാങ്കുകളിൽ അടക്കം ഏകദേശം രണ്ടേകാൽ കോടി രൂപയുടെ കടമാണ് വിജയന് ഉണ്ടായിരുന്നത്. എന്നാൽ രണ്ട് തവണകളായി 20 ലക്ഷം രൂപയാണ് പാർട്ടി ഇതിനകം ലഭ്യമാക്കിയത്. പാർട്ടി നേതാക്കളിൽ ചിലരുമായി ഉണ്ടാക്കിയ ഉടന്പടിയിൽ പറയുന്നതു പ്രകാരം അഞ്ച് ലക്ഷം രൂപ കൂടി ലഭിക്കാനുണ്ടെന്നാണ് വിജയന്റെ കുടുംബാംഗങ്ങൾ പറയുന്നത്.
വീടിന്റെയും സ്ഥലത്തിന്റെയും ബാധ്യത തീർക്കാൻ പാർട്ടി തയാറാകുന്നില്ലെന്നും കുടുംബം കുറ്റപ്പെടുത്തുന്നുണ്ട്. ബാധ്യതകൾ വിജയൻ പാർട്ടിക്കുവേണ്ടി വരുത്തിയല്ല. അതിനാൽത്തന്നെ വിജയന്റെ കടങ്ങൾ വീട്ടേണ്ട ഉത്തരവാദിത്വം കെപിസിസിക്ക് ഇല്ലെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് പ്രവർത്തകർക്കിടയിലെ പൊതു അഭിപ്രായം. ഇത് തുറന്നടിക്കാൻ വിമുഖത കാട്ടുന്ന അവർ, വിജയനെ കടക്കെണിയിലാക്കിയവരിൽനിന്നു പണം തിരിച്ചുപിടിച്ച് കുടുംബത്തിന് ലഭ്യമാക്കുന്നതിനുള്ള ഇടപെടലാണ് കെപിസിസി നടത്തേണ്ടതെന്നും അടക്കം പറയുന്നു.
വിജയന്റെ ബാധ്യതകൾ വീട്ടുന്നതുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കളിൽ ചിലർ ഉടന്പടയിൽ ഏർപ്പെട്ടിരുന്നു. ഈ ഉടന്പടിയിൽ പറയുന്ന കാര്യങ്ങൾ പാർട്ടി ഒന്നൊന്നായി നടത്തിവരികയാണെന്നാണ് കഴിഞ്ഞ ദിവസം ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞത്. എന്നാൽ ഇത്തരത്തിൽ ഉടന്പടി ഉള്ളതായി അറിയില്ലെന്നാണ് കെസപിസി അധ്യക്ഷൻ മാധ്യമങ്ങളെ അറിയിച്ചത്.
പ്രവർത്തകരെ മരണത്തിലേക്ക് തള്ളിവിടുന്ന സ്വഭാവം കോണ്‍ഗ്രസിനില്ല: എൻ.ഡി. അപ്പച്ചൻ
കൽപ്പറ്റ: പ്രവർത്തകരെ മരണത്തിലേക്ക് തള്ളിവിടുന്ന സ്വഭാവം കോണ്‍ഗ്രസിനില്ലെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പ്രസ്താവനയിൽ പറഞ്ഞു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയാത്തവരാണ് ആത്മഹത്യയിൽ അഭയം തേടുന്നത്. ഇക്കൂട്ടത്തിൽ കോണ്‍ഗ്രസുകാരും ഉണ്ടാകാം.
പുൽപ്പള്ളിയിൽ പഞ്ചായത്തംഗം ജീവനൊടുക്കിയതും ബത്തേരിയിൽ പാർട്ടി കുടുംബാംഗം ആത്മഹത്യക്ക് ശ്രമിച്ചതും മുന്‍പുണ്ടായ ചില മരണങ്ങളും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരേ സിപിഎമ്മും ബിജെപിയും കുതിരകയറുകയാണ്. പൊതുസമൂഹത്തിന് മുന്പിൽ ജാള്യത്തോടെ നിൽക്കുന്ന സിപിഎമ്മിന്റെയും ബിജെപിയുടെയും ജൽപനങ്ങൾക്ക് കോണ്‍ഗ്രസിനെ തകർക്കാനാകില്ല.
സംസ്ഥാനത്ത് കൊലപാതക പരന്പരകൾ നടത്തിയ പാർട്ടികളാണ് സിപിഎമ്മും ബിജെപിയും. മുള്ളൻകൊല്ലി പ്രശ്നത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് ഇടതു പാർട്ടികളും ബിജെപിയും ശ്രമിക്കുന്നത്. ഇത് വിലപ്പോകില്ല. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ സിപിഎം, ബിജെപി നേതാക്കൾ പലതും പടച്ചുവിടുകയാണെന്നും അപ്പച്ചൻ പറഞ്ഞു.
കോണ്‍ഗ്രസുകാരുടെ ആത്മഹത്യകളിൽ അന്വേഷണം വേണം: ആർജെഡി
കൽപ്പറ്റ: ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആത്മഹത്യകളിൽ പോലീസ് സമഗ്രാന്വേഷണം നടത്തണമെന്ന് രാഷ്ട്രീയ ജനതാദൾ-ആർജെഡി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച മുള്ളൻകൊല്ലി പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടം ജീവനൊടുക്കി. അടുത്ത ദിവസം ബത്തേരിയിൽ കോണ്‍ഗ്രസ് കുടുംബാംഗം പദ്മജ ആത്മഹത്യക്കു ശ്രമിച്ചു. ഡിസിസി ട്രഷറർ ആയിരിക്കേ കഴിഞ്ഞ വർഷം ജീവനൊടുക്കിയ എൻ.എം. വിജയന്റെ മരുമകളാണ് പദ്മജ.
വർഷങ്ങൾ മുന്‍പ് മാനന്തവാടി കോണ്‍ഗ്രസ് ഓഫീസിൽ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി. ജോണ്‍ ആത്മഹത്യ ചെയ്തു.
ഇതിനെല്ലാം പിന്നിൽ കോണ്‍ഗ്രസിലെ ചില നേതാക്കളുടെ വഴിവിട്ട ഇടപെടലുകളാണ്. ഇക്കാര്യങ്ങൾ പുറത്തുവരാൻ പോലീസിന്റെ വിശദാന്വേഷണം ആവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ഡി. രാജൻ അധ്യക്ഷത വഹിച്ചു.