എംഎൽഎ ഓഫീസ് അക്രമണം: യുഡിഎഫ് പ്രതിഷേധസംഗമം നടത്തി
1592130
Tuesday, September 16, 2025 8:00 AM IST
കൽപ്പറ്റ: വയനാട്ടിലെ സിപിഎം ജില്ലാ നേതൃത്വം ക്രിമിനൽ പ്രവർത്തങ്ങൾക്ക് ഒത്താശ പകരുകയും നേതൃത്വം കൊടുക്കുകയും ചെയ്യുന്നത് അപമാനകരമാണെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി.
കൽപ്പറ്റ എംഎൽഎ ഓഫീസ് ആക്രമിച്ച ഡിവൈഎഫ്ഐ അക്രമികളുടെ നടപടിയിൽ പ്രതിഷേധിച്ച്, സിപിഎം നടത്തുന്ന നുണപ്രചാരണങ്ങൾക്കെതിരേ യുഡിഎഫ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനവും സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിക്കുകയും അന്ന് അണിയറയിൽ മുഴുവൻ നേതൃത്വം കൊടുത്ത് സമര സ്ഥലത്തു വന്ന് ആക്രമികൾക്ക് ആത്മവിശ്വാസം കൊടുത്തത് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയാണ്.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ഓഫീസ് അക്രമണത്തിന് പിന്നിലും സിപിഎമ്മിന്റെ ഇതേ നേതൃത്വം തന്നെയാണ്. ഇപ്പോൾ കൽപ്പറ്റ എംഎൽഎയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐക്കാരെ പറഞ്ഞയച്ചത് ഇതേ സിപിഎം ജില്ലാ നേതൃത്വമാണ്. ഇത്തരം അക്രമപ്രവർത്തങ്ങളിൽ നിന്ന് നേതൃത്വം സ്വന്തം അണികളെ നിയന്ത്രിക്കേണ്ടവർ തന്നെ അക്രമത്തിന് നേതൃത്വം നൽകുന്ന സാഹചര്യമാണുള്ളത്. അപവാദ പ്രചാരണം നടത്തി കൽപ്പറ്റ എംഎൽഎയും യുഡിഎഫിനെയും കോണ്‍ഗ്രസിനെയും ഇല്ലാതാക്കാം എന്നുള്ളത് വ്യാമോഹം മാത്രമാണ്.
സ്വന്തം ജീവിതം മുഴുവൻ ഉഴിഞ്ഞുവച്ചുണ്ടാക്കിയ പണം നിക്ഷേപിച്ച നൂറ് കണക്കിന് നിക്ഷേപകരെ പെരുവഴിയിലാക്കി മരണത്തിലേക്ക് തള്ളിവിടുന്ന സിപിഎം ആദ്യം ചെയ്യേണ്ടത് ബ്രഹ്മഗിരിയിലെ നിക്ഷേപകരുടെ പണം തിരിച്ചുകൊടുത്ത് അവരെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തുകയാണ് വേണ്ടത്. ബ്രഹ്മഗിരിയിൽ സിപിഎം നടത്തിയത് വലിയ അഴിമതിയാണ്. ഇതിലൂടെ വയനാട്ടിലെ സിപിഎം എത്രത്തോളം അഴിമതിയിലൂടെ കടന്നുപോകുന്നുവെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സലീം മേമന അധ്യക്ഷത വഹിച്ചു. ടി. സിദ്ദിഖ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനർ പി.പി. ആലി, റസാക്ക് കൽപ്പറ്റ, യഹ്യാഖാൻ തലക്കൽ, ടി.ജെ. ഐസക്, എം.എ. ജോസഫ്, ബി. സുരേഷ് ബാബു, ഹാരിസ് ബാബു ചാലിയാർ, ഹാരിസ് കണ്ടിയൻ, പി.കെ. അബ്ദുറഹിമാൻ, നജീബ് കരണി, പോൾസണ്‍ കൂവക്കൽ, ശോഭന കുമാരി, പോൾസണ്‍ കൂവക്കൽ, ഗോകുൽദാസ് കോട്ടയിൽ, ഗിരീഷ് കൽപ്പറ്റ, എൻ. മുസ്തഫ, എം.പി. നവാസ്, സി.എ. അരുണ്‍ദേവ്, ഹർഷൽ കോന്നാടൻ തുടങ്ങിയവർ പ്രസംഗിച്ചു.