പഴശിരാജ കോളജിൽ- ദേശീയ കോണ്‍ഫറൻസ്
1591555
Sunday, September 14, 2025 5:25 AM IST
പുൽപ്പള്ളി: പഴശിരാജ കോളജിലെ മാധ്യമ വിഭാഗത്തിന്റെ നേതൃത്വത്തിൽ ദേശീയ കോണ്‍ഫറൻസ് സംഘടിപ്പിക്കുന്നു. 16, 17 തീയതികളിൽ നടത്തുന്ന മാധ്യമ കോണ്‍ഫറൻസിൽ മാധ്യമ സംവിധാനങ്ങളും ഏഷ്യൻ ഭൗമ രാഷ്ട്രീയവും, സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിലാണ് കോണ്‍ഫറൻസ് നടത്തുന്നത്.
കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ കൗണ്‍സിൽ ഫോർ വേൾഡ് അഫയേഴ്സ് (ഐസിഡബ്ല്യുഎ) ആണ് കോണ്‍ഫറൻസിന് ആവശ്യമായ ധനസഹായം ചെയ്യുന്നത്. മാധ്യമങ്ങളുടെ വളർച്ച, ഏഷ്യൻ ഭൗമ രാഷ്ട്രീയത്തിൽ മാധ്യമ സാങ്കേതിക വിദ്യകളുടെ ഭാവി, വ്യാപാരസാന്പത്തിക സഖ്യങ്ങളിൽ മാധ്യമങ്ങളുടെ പങ്ക്, മാധ്യമ മേഖല നേരിടുന്ന വെല്ലുവിളികൾ, തുടങ്ങിയവയാണ് കോണ്‍ഫറൻസിലെ ചർച്ചാവിഷയങ്ങൾ.
വിവിധ സർവകലാശാലകളിൽ നിന്നും ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും മാധ്യമ സ്ഥാപനങ്ങളിൽ നിന്നുമുള്ള 13 പ്രമുഖരാണ് കോണ്‍ഫറൻസിൽ നേരിട്ട് പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നത്. വിദ്യാർഥികൾ, അധ്യാപകർ തുടങ്ങി മറ്റു നിരവധിപേർ കോണ്‍ഫറൻസിൽ പങ്കെടുക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ബിസിനസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. സുരഭി ദാഹിയ ഉദ്ഘാടനം നിർവഹിക്കും.
ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രഫ.ഡോ. മനുഗോണ്ട രവീന്ദ്രനാഥ്, മൈസൂരു യൂണിവേഴ്സിറ്റിയിലെ മാധ്യമ വിഭാഗം അധ്യാപിക ഡോ.എം.എസ്. സപ്ന, തമിഴ്നാട് കേന്ദ്ര സർവകലാശാലയിലെ മാധ്യമ വിഭാഗം മേധാവി ഡോ. രാധ, കേരള യൂണിവേഴ്സിറ്റിയിലെ മാധ്യമ വിഭാഗം അധ്യാപകൻ ഡോ. ലാൽമോഹൻ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ മാധ്യമ വിഭാഗം അധ്യാപകൻ ഡോ.എസ്.ആർ. സഞ്ജീവ്,
കൽപ്പറ്റ ഗവ.കോളജിലെ മാധ്യമ അധ്യാപകരായ ഡോ. സ്മിത, അനീഷ് എം. ദാസ്, മദ്രാസ് ക്രിസ്ത്യൻ കോളജിലെ കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. ദേബോറ രാജ്, കണ്ണൂർ ഡോണ്‍ ബോസ്കോ കോളജിലെ മാധ്യമ വിഭാഗം അധ്യാപിക ഡോ. സീന ജോണ്സണ്, ജെയിൻ യൂണിവേഴ്സിറ്റിയിലെ മാധ്യമ വിഭാഗം മേധാവി ഡോ. നിമ്മി മരിയ ജോസഫ്, മാധ്യമപ്രവർത്തകരായ ജോസ് കുര്യൻ, എം.പി. പ്രശാന്ത് എന്നിവരാണ് കോണ്‍ഫറൻസിൽ പ്രത്യേക ക്ഷണിതാക്കളായി പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നത്.
കൂടാതെ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള വിവിധ സർവകലാശാലകളിലെ അധ്യാപകരും ഗവേഷകരും വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പഴശിരാജ കോളജിലെ മാധ്യമ വിഭാഗം അധ്യാപകരായ ഡോ. ജോബിൻ ജോയ്, ഷോബിൻ മാത്യു, ലിൻസി ജോസഫ്, ക്രിസ്റ്റീന ജോസഫ്, റിയ കൃഷ്ണ, എം.ഡി. അലക്സ്, വിദ്യാർഥികളായ നിലീന, സഞ്ജന, ഋതിൻ രാജ്, അസോസിയേഷൻ സെക്രട്ടറി അഭിനവ് എന്നിവരാണ് കോണ്‍ഫറൻസിന് നേതൃത്വം നൽകുന്നത്. കോണ്‍ഫറൻസ് 17ന് സമാപിക്കും.