ബത്തേരിയിൽ ബാങ്കേഴ്സ് മീറ്റ് നടത്തി
1591802
Monday, September 15, 2025 5:40 AM IST
സുൽത്താൻ ബത്തേരി: സംരംഭകർക്ക് ബാങ്കിംഗ് സേവനങ്ങളിൽ അവബോധം പകരാനും ബാങ്കും സംരംഭകരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനും വൈത്തിരി താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബാങ്കേഴ്സ് മീറ്റ് നടത്തി.
കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിംഗ് ആൻഡ് ആക്സിലറേറ്റിംഗ് എംഎസ്എംഇ പെർഫോർമൻസ് റാന്പ് പദ്ധതിയുടെ ഭാഗമായാണ് മീറ്റ് സംഘടിപ്പിച്ചത്.
ഹോട്ടൽ സാഫ്രോണിൽ നഗരസഭാ കൗണ്‍സിലർ പ്രജിത രവി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ പി.എസ്. കലാവതി അധ്യക്ഷത വഹിച്ചു.
വൈത്തിരി ഉപജില്ലാ വ്യവസായ ഓഫീസർ എൻ. അയ്യപ്പൻ, ലീഡ് ബാങ്ക് മാനേജർ ടി.എം. മുരളീധരൻ, ബത്തേരി വ്യവസായ വികസന ഓഫീസർ ജി.എസ്. സ്മിത എന്നിവർ പ്രസംഗിച്ചു.
വ്യവസായ വകുപ്പ് പ്രതിനിധികളും 12 ബാങ്ക് മാനേജർമാരും 70 സംരംഭകരും പങ്കെടുത്തു. ബാങ്ക് വായ്പകൾക്കുള്ള 20 അപേക്ഷകൾ മീറ്റിൽ ലഭിച്ചു. പുതിയ സംരംഭകർക്ക് ഉദ്യം, കെ സ്വിഫ്റ്റ് രജിസ്ട്രേഷനു സൗകര്യം ഒരുക്കിയിരുന്നു.