സ്വന്തം ബാൻഡ് സെറ്റ് ടീമുമായി തവിഞ്ഞാൽ സെന്റ് മേരീസ് ഇടവക
1591777
Monday, September 15, 2025 5:00 AM IST
തവിഞ്ഞാൽ: വയനാട്ടിലെ തവിഞ്ഞാൽ സെന്റ് മേരീസ് ഇടവകയ്ക്ക് സ്വന്തം ബാൻഡ് സെറ്റ് ടീമായി. 12 വനിതകളും രണ്ട് പുരുഷൻമാരും അടങ്ങുന്ന ടീമിന്റെ അരങ്ങേറ്റം പരിശുദ്ധമാതാവിന്റെ ജനനത്തിരുനാൾ ആഘോഷനാളിൽ പള്ളി അങ്കണത്തിൽ നടന്നു. 15നും 40നും ഇടയിലാണ് ടീം അംഗങ്ങളുടെ പ്രായം.
വിദ്യാർഥികളും വീട്ടമ്മമാരും ഇവർക്കിടയിലുണ്ട്. ഇടവകാംഗമായ കുഴിക്കാലിൽ കരോട്ട് ജോണിയാണ് പരിശീലകൻ. നാലുമാസത്തെ ശിക്ഷണം കഴിഞ്ഞപ്പോഴാണ് ടീം അരങ്ങേറ്റത്തിനു പ്രാപ്തി നേടിയതെന്ന് ജോണി പറഞ്ഞു.
ഡിസംബറോടെ ടീം ഇടവകയ്ക്കു പുറത്ത് പ്രോഗ്രാമിനുപോകാൻ പാകത്തിൽ ബാൻഡ് മേളത്തിൽ വൈദഗ്ധ്യം നേടുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ടീമിന് രണ്ട് ബുക്കിംഗ് ഇതിനകം ലഭിച്ചു. ബാൻഡ് മേളത്തിൽ ഉപയോഗിക്കുന്നതിൽ 12 ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന കലാകാരനാണ് ജോണി.
ഇടവകയ്ക്ക് സ്വന്തമായി ബാൻഡ്സെറ്റ് ടീം എന്ന ആശയം മുൻ വികാരി ഫാ.ആന്റോ മന്പള്ളിലിന്റേതാണ്. നിലവിലെ വികാരി ഫാ.ജയിംസ് പുത്തൻപറന്പിലിന്റെ പ്രോത്സാഹനമാണ് ബാൻഡ് മേളം പരിശീലനത്തിൽ പ്രചോദനമായത്.