കോൺഗ്രസിനെതിരെ പ്രതിഷേധമുയരുന്നു : കുടുംബം ഇല്ലാതാക്കുന്നവരുടെ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി: പ്രശാന്ത് മലവയല്‍
1591549
Sunday, September 14, 2025 5:25 AM IST
കല്‍പ്പറ്റ: എതിര്‍ശബ്ദങ്ങളുയര്‍ത്തുന്നവരെ കുടുംബത്തോടൊപ്പം ഇല്ലായ്മ ചെയ്യുന്നവരുടെ പാര്‍ട്ടിയായി വയനാട്ടിലെ കോണ്‍ഗ്രസ് മാറിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ ആരോപിച്ചു.
ഡിസിസി ട്രഷററായിരിക്കേ ജീവനൊടുക്കിയ എന്‍.എം. വിജയന്റെ മരുമകള്‍ പദ്മജ ആത്മഹത്യക്ക് ശ്രമിച്ചതിനു പിന്നില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ മാനസിക പീഡനമാണ്. വിജയന്റെ കുടുംബത്തിന്റെ ബാധ്യത പൂര്‍ണമായും ഏറ്റെടുക്കാമെന്ന വാഗ്ദാനം കോണ്‍ഗ്രസ് നേതൃത്വം പാലിച്ചില്ല. ലക്ഷക്കണക്കിനു രൂപയുടെ കടം ചുമലിലായതുമുതല് വിജയന്റെ മകനും മരുമകളും മാനസിക സംഘര്‍ഷത്തിലാണ്.
മുള്ളന്‍കൊല്ലിയില്‍ പഞ്ചായത്ത് മെംബര്‍ ജോസ് നെല്ലേടം ആത്മഹത്യ ചെയ്തത് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടര്‍ന്നാണ്.
കോണ്‍ഗ്രസ് നേതാക്കള്‍ ഗുഢാലോചന നടത്തിയാണ് മരക്കടവ് കാനാട്ടുമലയില്‍ തങ്കച്ചനെ പോര്‍ച്ചില്‍ കാറിന് അടിയില്‍ കര്‍ണാടക മദ്യവും സ്ഫോടവസ്തുക്കളും വച്ച് കേസില്‍ കുടുക്കിയത്. ജില്ലയിലുള്ള പ്രിയങ്ക ഗാന്ധി എംപി ജോസിന്റെ വീട് സന്ദര്‍ശിക്കാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും തയാറായില്ല. ആത്മഹത്യക്ക് ശ്രമിച്ച പദ്മജയെ സന്ദര്‍ശിച്ചില്ല. ഇത് അപലപനീയമാണെന്നും പ്രശാന്ത് പറഞ്ഞു. പദ്മജയെ ആശുപത്രിയില്‍ പ്രശാന്ത് സന്ദര്‍ശിച്ചു.