പ്ലാറ്റിനം ജൂബിലി ആഘോഷം തുടങ്ങി
1592124
Tuesday, September 16, 2025 8:00 AM IST
ഏച്ചോം: കുട്ടികളെ തല്ലിപ്പഠിപ്പിക്കുന്ന കാലഘട്ടം കഴിഞ്ഞുവെന്നും അതിലുപരി അവരെ കൂടി മനസിലാക്കിക്കൊണ്ട് വിദ്യാഭ്യാസം നൽകുകയെന്നതാണ് ഇന്നത്തെ പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടെന്ന് പട്ടികജാതി-വർഗ പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു.
സർവോദയ ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് ഇതിനകം വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ള കേരളം മാറുന്ന കാലത്തിനനുസരിച്ച് പുതിയ കാഴ്ചപ്പാടിലേക്കാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനംമൂലം ഓണ്‍ലൈനിലൂടെയാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. സ്കൂൾ മാനേജർ ഫാ. ജേക്കബ് കുമ്മിണിയിൽ അധ്യക്ഷത വഹിച്ചു.
ജെസ്യൂട്ട് പ്രൊവിൻഷ്യൽ ഫാ. ഹെൻറി പട്ടരുമഠത്തിൽ മുഖ്യപ്രഭാഷണം നടത്തി. പാഠപുസ്തകങ്ങൾക്കപ്പുറം വയനാട് നേരിടുന്ന പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങൾ കൂടി ക്ലാസ്മുറിയിൽ ചർച്ച ചെയ്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. ലക്ഷ്മി ലോഗോ പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ സ്കൂൾ പാലിയേറ്റീവ് പ്രവർത്തനോദ്ഘാടനവും എൽപി സ്കൂൾ കുട്ടികൾക്ക് പഠന പിന്തുണ നൽകുന്ന "ചിറക് ’ എന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനവും നടത്തി. ജില്ലാപ്പഞ്ചായത്ത് ഡിവിഷൻ അംഗം കെ.ബി. നസീമ, സ്കൂൾ ഡയറക്ടർ ഫാ. ബിജു ജോർജ്, പ്രിൻസിപ്പൽ സിസ്റ്റർ ഒ. ബീന, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസി പോൾ, ഷിജു മരുതനാനിയിൽ, സി.കെ. ഉണ്ണികൃഷ്ണൻ, റെജി ജോസ്, സോഫിയ കുര്യൻ, വി.ഡി. തോമസ് എന്നിവർ പ്രസംഗിച്ചു.