കൂട് പൊളിച്ച് പുലി കോഴികളെ കൊന്നു
1592236
Wednesday, September 17, 2025 5:59 AM IST
വനംവകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചു
സുൽത്താൻ ബത്തേരി: മാടക്കരയിൽ പുലി കോഴികളെ കൊന്നുതിന്നു. മംഗലം ചന്പാടത്ത് ഗിരീഷ്കുമാറിന്റെ എട്ട് കോഴികളെയാണ് ഇന്നലെ പുലർച്ചെ പുലികൊന്നുതിന്നത്.
സംഭവത്തെ തുടർന്ന് വനപാലകർ സ്ഥലത്ത് കാമറ സ്ഥാപിച്ചു. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം. വീടിനോട് ചേർന്നുള്ള കോഴിക്കൂട്ടിൽ നിന്ന് കരച്ചിൽകേട്ട് നോക്കിയപ്പോൾ കൂടിന്റെ ഒരുഭാഗം പൊളിഞ്ഞുകിടക്കുന്ന നിലയിലായിരിന്നു. എട്ട് കോഴികളെയും കാണാനില്ലായിരുന്നു. കഴിഞ്ഞദിവസം പ്രദേശത്ത് പുലിയുടെ കാൽപ്പാടുകൾ കണ്ടതിനാൽ ഭീതികാരണം പുറത്തിറങ്ങിയില്ല. നേരം പുലർന്നശേഷം സമീപ കൃഷിയിടങ്ങൾ പരിശോധിച്ചപ്പോൾ ഒരു കോഴിയെ തലയില്ലാത്ത നിലയിൽ കണ്ടെത്തി.
വനപാലകർ സ്ഥലത്തെത്തി പരിശോധ നടത്തി പുലിയാണ് കോഴിക്കൂട് തകർത്ത് കോഴികളെ പിടികൂടിയതെന്ന് സ്ഥിരീകരിക്കുകയും നിരീക്ഷണ കാമറ സ്ഥാപിക്കുകയും ചെയ്തു. രണ്ട് ദിവസം മുന്പ് പ്രദേശവാസിയായ മംഗലം കുറ്റിപറിച്ചേൽ ജോണിയുടെ നായയെ പിടികൂടാനും ശ്രമിച്ചിരുന്നു. സമീപത്തെ മണ്പാതയിൽ പുലിയുടെ കാൽപ്പാടുകളും കണ്ടിരുന്നു. കോഴികളെ പുലി പിടികൂടിയതോടെ പ്രദേശവാസികൾ ഭീതയിലാണ്. പുലിഭീതിയിൽ പ്രദേശത്തെ ക്ഷീരകർഷകരും പ്രതിസന്ധിയിലാണ്.
കൃഷിയിടങ്ങളിൽ തൊഴിലെടുക്കാനും പേടിയാണ്. സമീപത്തെ എസ്റ്റേറ്റ് കാടുമൂടികിടക്കുന്നതാണ് പുലി പ്രദേശത്ത് തന്പടിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ എസ്റ്റേറ്റിലെയും സമീപത്തെും കാട് വെട്ടാനുള്ള നടപടിവേണമെന്നും പ്രദേശത്ത് കൂട് വച്ച് പുലിയെ പിടികൂടി ഭീതി ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.