യുവാവിന്റെ ആക്രമണത്തിൽ പോലീസുകാർക്ക് പരിക്ക്
1592238
Wednesday, September 17, 2025 5:59 AM IST
കൽപ്പറ്റ: ഭാര്യയെയും ഭാര്യാമാതാവിനെയും മർദിച്ചെന്ന പരാതിയിൽ അന്വേഷണത്തിനെത്തിയ പോലീസുകാരെ യുവാവ് ആക്രമിച്ചു. മേപ്പാടി എസ്ഐ പി. രജിത്ത്, സിവിൽ പോലീസ് ഓഫീസർ എഫ്. പ്രമോദ് എന്നിവരെയാണ് തൃക്കൈപ്പറ്റ മാമലക്കുന്ന് സദക്കത്തുള്ള(39)ആക്രമിച്ചത്.
പരിക്കേറ്റ എസ്ഐയും സിപിഒയും ആശുപത്രിയിൽ ചികിത്സ തേടി. പോലീസുമായുള്ള ബലപ്രയോഗത്തിനിടെ പരിക്കേറ്റ സദക്കത്തുള്ളയും ചികിത്സയിലാണ്. 15ന് രാത്രിയാണ് സംഭവം. ഭർത്താവ് സദക്കത്തുള്ള തന്നെയും മാതാവിനെയും ആക്രമിക്കുകയാണെന്ന് അറിയിച്ചും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും എമർജൻസി നന്പറായ 112ൽ ബിന്ദു എന്ന യുവതി വിളിച്ചു പറഞ്ഞതുപ്രകാരമാണ് പോലീസ് മാമലക്കുന്നിലെത്തിയത്.
വഴിയിൽ കരഞ്ഞുനിൽക്കുകയായിരുന്ന ബിന്ദുവിനെയും കൂട്ടി പോലീസ് വീട്ടിൽ എത്തിയപ്പോൾ ബഹളം വച്ച് അക്രമാസക്തനായി സിറ്റൗട്ടിൽ നിൽക്കുകയായിരുന്നു സദക്കത്തുള്ള. അനുനയിപ്പിക്കുന്നതിനായി സംസാരിക്കുന്നതിനിടെ സദക്കത്തുള്ള വീണ്ടും അക്രമാസക്തനായി എസ്ഐയുടെ കൈപിടിച്ചു തിരിച്ചു. ഇത് തടയാൻ ശ്രമിച്ച സിപിഒയെ മുഖത്ത് മുഷ്ടിചുരുട്ടി ഇടിച്ചതിനുശേഷം വയറിന് തൊഴിച്ചുവീഴ്ത്തി.
നിലത്തുകിടന്ന കല്ലെടുത്തും സിപിഒയെ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി നാട്ടുകാരന്റെ സഹായത്തോടെയാണ് ഇയാളെ പോലീസ് കൈനാട്ടി ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയത്. വീട്ടിലെത്തിയ പോലീസ് കാര്യം എന്താണെന്നുപോലും തിരക്കാതെ തന്നെ മർദിക്കുകയായിരുന്നുവെന്ന് സദക്കത്തുള്ള ആശുപത്രിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ ആരോപിച്ചു.
photo:
തൃക്കൈപ്പറ്റ മാമലക്കുന്നിൽ യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ സിപിഒ പ്രമോദ്.