കരടി ഭീതിയിൽ ചീരാൽ
1592203
Wednesday, September 17, 2025 5:00 AM IST
സുൽത്താൻ ബത്തേരി: പുലിഭീതി നിലനിൽക്കുന്ന ചീരാലിൽ കരടിയും സ്വൈര്യജീവിതം തകർക്കുന്നു. കഴിഞ്ഞദിവസം വീടിനുസമീപമെത്തിയ കരടി പ്ലാവിൽ നിന്ന് ചക്കപറിച്ചുതിന്നു. കളന്നൂർ പട്ടംചിറ വിശ്വനാഥന്റെ വീട്ടുമുറ്റത്താണ് കഴിഞ്ഞദിവസം രാത്രി കരടിയെത്തിയത്. വീടിനോട് ചേർന്ന തൊഴുത്തിന് സമീപത്ത് ശബ്ദം കേട്ട് വീട്ടുകാർ ഉണരുകയായിരുന്നു.
ജനൽ തുറന്നുനോക്കിയപ്പോൾ പ്ലാവിൽ തിന്ന് ചക്ക പറിച്ചുതിന്നുന്നതാണ് കണ്ടത്. വീട്ടുകാർ ബഹളം വച്ചതോടെ കരടി ഇരുളിലേക്ക് മറയുകയായിരുന്നു. മാസങ്ങളായി വരിക്കേരി, ഈസ്റ്റ് ചീരാൽ, പാട്ടത്ത് തുടങ്ങിയ പ്രദേശങ്ങളിൽ കരടിശല്യം രൂക്ഷമാണ്.
പലരും ഇതിനുമുന്പ് കൃഷിയിടത്തിലടക്കം കരടിയെ പലതവണ കണ്ടിരുന്നു. ഇതേത്തുടർന്ന് വനപാലകരെത്തി കരടിയെ നിരീക്ഷിക്കാൻ കാമറകളും സ്ഥാപിച്ചിരുന്നു. സ്ഥിരമായി കരടിയെത്താൻ തുടങ്ങിയതോടെ ഭീതിയിലാണ് പ്രദേശവാസികൾ. കഴിഞ്ഞ ഏപ്രിൽ മുതൽ പ്രദേശത്ത് പുലി സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനോടകം ഇരുപതോളം വളർത്തുമൃഗങ്ങളെയാണ് പുലി ആക്രമിച്ചത്. ഇതിൽ പതിനെട്ട് മൃഗങ്ങൾ കൊല്ലപ്പെട്ടു. കരടി, പുലി ഭീതി ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.