രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ഭാര്യമാരിൽ 48 പേർ വയനാട്ടിൽ ജീവിക്കുന്നു
1592235
Wednesday, September 17, 2025 5:59 AM IST
കൽപ്പറ്റ: 1939 സെപ്റ്റംബറിൽ ആരംഭിച്ച് 1945 സെപ്റ്റംബർ വരെ നീണ്ട രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ഭാര്യമാരിൽ 48 പേർ വയനാട്ടിൽ ജീവിക്കുന്നു. എക്സ് സർവീസ്മെൻ കോണ്ട്രിബ്യൂട്ടറി ഹെൽത്ത് സ്കീം കൽപ്പറ്റ ഓഫീസ് ഇൻ ചാർജ് ലെഫ്.കേണൽ വി.ഡി. ചാക്കോയുടെ നേതൃത്വത്തിലാണ് ഇത്രയും പേരെ കണ്ടെത്തിയത്. 87 മുതൽ 107 വരെ വയസുള്ളവർ ഇക്കൂട്ടത്തിലുണ്ട്. വയനാട് കോളനൈസേഷൻ സ്കീം(ഡബ്ല്യുസിഎസ്)ഉൾപ്പെടുന്ന ബത്തേരി താലൂക്കിലാണ് ഇവരിൽ അധികവും.
രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ പുനരധിവാസത്തിനു നടപ്പാക്കിയതാണ് ഡബ്ല്യുസിഎസ്). ലോക യുദ്ധത്തിൽ പങ്കെടുത്ത സൈനികരിൽ ആരും ജില്ലയിൽ ജീവിച്ചിരിപ്പില്ല. മൂന്നുമാസത്തിലധികം പരിശ്രമിച്ചാണ് രണ്ടാം ലോകമഹായുദ്ധ പോരാളികളുടെ ഭാര്യമാരിൽ ഇത്രയും പേർ ജീവിച്ചിരിക്കുന്നതായി കണ്ടെത്തിയതെന്നു ലെഫ്.കേണൽ വി.ഡി. ചാക്കോ പറഞ്ഞു.
ഇവരെ വയനാട് ചേംബർ ഓഫ് കൊമേഴ്സ്, വിമുക്തഭടൻമാരുടെ സംഘടന, ജില്ലാ സൈനിക ബോർഡ്, എക്സ് സർവീസ്മെൻ കോണ്ട്രിബ്യൂട്ടറി ഹെൽത്ത് സ്കീം തുടങ്ങിയവയുടെ നേതൃത്വത്തിൽ 21ന് രാവിലെ 10ന് ബത്തേരി മുനിസിപ്പിൽ ഓഡിറ്റോറയിത്തിൽ ആദരിക്കും. ചടങ്ങ് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേഷ്, കെഎസ്ഇഎസ്എൽ ജില്ലാ പ്രസിഡന്റ് പി.പി. മത്തായിക്കുഞ്ഞ് തുടങ്ങിയവർ പ്രസംഗിക്കും.
ആദരണച്ചടങ്ങിനു മുന്പ് രണ്ടാംലോക മഹായുദ്ധവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശനം, വീര വനിതകളുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കൽ എന്നിവ ഉണ്ടാകുമെന്ന് ലെഫ്.കേണൽ വി.ഡി. ചാക്കോ, കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ്(കെഎസ്ഇഎസ്എൽ)ജില്ലാ സെക്രട്ടറി, വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, സെക്രട്ടറി കെ.ഐ. വർഗീസ് എന്നിവർ പറഞ്ഞു.