കെ.കെ. ഏബ്രഹാമിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണം: ഗാന്ധി ദർശൻ സമിതി
1599376
Monday, October 13, 2025 6:21 AM IST
പുൽപ്പള്ളി: 2018 ൽ പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതി പ്രസിഡന്റു സ്ഥാനത്തുനിന്നും രാഷ്ട്രീയ പകപോക്കലിന്റെ ഫലമായി പുറത്താക്കപ്പെട്ട കെ.കെ. ഏബ്രഹാമിനെതിരേ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന വേട്ടയാടൽ അവസാനിപ്പിക്കണമെന്ന് ഗാന്ധി ദർശൻ സമിതി ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കർണാടകയിൽ ഏക്കർകണക്കിന് സ്ഥലത്ത് ഇഞ്ചിക്കൃഷി നടത്തുന്നതിനും കച്ചവടം നടത്തുന്നതിനും വീടു നിർമിക്കുന്നതിനുമായി ബാങ്കിൽ നിന്നും വായ്പയെടുത്തവർ തിരിച്ചടയ്ക്കാതെ വന്നപ്പോൾ അതെല്ലാം കെ.കെ. ഏബ്രഹാമിന്റെ തലയിൽ കെട്ടിവയ്ക്കാൻ നടത്തുന്ന ഗൂഢശ്രമം അംഗീകരിക്കില്ല.കെ.കെ. ഏബ്രഹാമിന്റെ രാഷ്ട്രീയ വളർച്ചയിൽ അസ്വസ്ഥരായവർ അദ്ദേഹത്തെ രാഷ്ട്രീയമായി തകർക്കാൻ ശ്രമിക്കുന്നവരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. കള്ളപ്പരാതികൾ മെനഞ്ഞ് കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ സ്വാധീനം ചെലുത്തി ഇഡി, വിജിലൻസ് തുടങ്ങിയ ഏജൻസികളെക്കൊണ്ട് കേസെടുപ്പിച്ച് ജയിലിലടപ്പിച്ചു.
ഇടതുപക്ഷ പ്രവർത്തകനായിരുന്ന കേളക്കവല രാജേന്ദ്രന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ തിരക്കഥ പുറത്തുവരണമെങ്കിൽ നിഷ്പക്ഷവും നീതി പൂർവവുമായ അന്വേഷണം ആവശ്യമാണ്. ഇതിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗാന്ധി ദർശൻ സമിതി നിവേദനം നൽകിയിട്ടുണ്ട്.
നേതൃയോഗം വി.എം. പൗലോസ് ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ സമിതി പ്രസിഡന്റ് കെ.സി. ജേക്കബ് അധ്യക്ഷത വഹിച്ചു. വി.ടി. തോമസ് മുഖ്യ പ്രഭാഷണം നടത്തി. സി.പി. ജോയി, ബേബി സുകുമാരൻ, ജോഷി കുരിക്കാട്ടിൽ, എം.ടി. കരുണാകരൻ, മധു മാങ്കോട്ടിൽ, വിജയൻ തോന്പ്രക്കുടി, സജി വിരിപ്പാമറ്റം, കെ.വി. ക്ലീറ്റസ്. സജി പെരുന്പിൽ, ശ്രീജി ജോസഫ്, സുലൈമാൻ, കെ.എം. ഷിനോയ്, സി.എ. അയൂബ്, കെ.കെ. സ്കറിയ, അൽജിത് ജേക്കബ്, സജി ഇടിയാകുന്നേൽ എന്നിവർ പ്രസംഗിച്ചു.