കല്ലൂർ-നന്പിക്കൊല്ലി റോഡിൽ ദുരിതയാത്ര
1599371
Monday, October 13, 2025 6:21 AM IST
സുൽത്താൻ ബത്തേരി: മൾട്ടി ആക്സിൽ ട്രക്കുകൾ നിരന്തരം ഓടുന്നതുമൂലം കല്ലൂർ-നന്പിക്കൊല്ലി റോഡ് തകർന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിൽ ജനം അനുഭവിക്കുന്നത് യാത്രാദുരിതം.
നെൻമേനിക്കുന്ന്, കോട്ടൂർ, കണ്ണംകോട് പ്രദേശങ്ങളെ ബത്തേരി, കല്ലൂർ, ചിരാൽ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് കല്ലൂർ-നന്പിക്കൊല്ലി റോഡ്. കണ്ണംകോടിൽ ആൽമരം ഭാഗത്ത് രൂപപ്പെട്ട കുഴി യാത്രാദുരിതം വർധിപ്പിക്കുകയാണ്. കുഴിയിൽ ഇരുചക്ര വാഹനങ്ങൾ വീഴുന്നതും യാത്രക്കാർക്ക് പരിക്കേൽക്കുന്നതും നിത്യസംഭവമാണ്.
പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ സർവീസ് നടത്തുന്ന ബസുകളും ഓട്ടോറിക്ഷകളും അടിക്കടി വർക്ക്ഷോപ്പിൽ കയറ്റേണ്ട സ്ഥിതിയാണ്. വാഹനങ്ങൾ ഓടിക്കിട്ടുന്ന വരുമാനം വർക്ക് ഷോപ്പുകളിൽ കൊടുക്കാൻ തികയുന്നില്ലെന്ന് ഉടമകൾ പറയുന്നു.
കല്ലൂർ കല്ലുമുക്കിൽനിന്നു കോളൂരിലേക്കുള്ള റോഡിൽ കരടിമാട് ഭാഗത്ത്നവീകരണത്തിന്റെ ഭാഗമായി നിരത്തിയ കല്ലും യാത്രക്കാർക്ക് ദുരിതം തീർക്കുകയാണ്. കല്ല് നിരത്തിയ റോഡിലൂടെ വാഹനങ്ങൾ ഓടിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ മാർച്ചിലാണ് നവീകരണത്തിനു നിലവിലെ റോഡ് കുത്തിപ്പൊളിച്ച് കല്ല് നിരത്തിയത്. കരടിമാട്, കോളൂർ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ യാത്രയ്ക്ക് ആശ്രയിക്കുന്നതാണ് റോഡ്.
മഴ മാറിയാലുടൻ റോഡ് നവീകരിക്കുമെന്ന് പറഞ്ഞ കരാറുകാരനെ ഇപ്പോൾ ഫോണിൽ പോലും കിട്ടുന്നില്ലെന്നു നാട്ടുകാർ പറയുന്നു. റോഡ് പ്രവൃത്തി വേഗം പൂർത്തിയാക്കുന്നതിന് അധികൃതർ ഇടപെടണമെന്നാണ് അവരുടെ ആവശ്യം.