വൃക്കരോഗ നിർണയം: കൽപ്പറ്റയിൽ രണ്ടാംഘട്ട ക്യാന്പ് 12ന്
1598421
Friday, October 10, 2025 4:28 AM IST
കൽപ്പറ്റ: നാല് വർഷത്തിനകം നഗരസഭയിൽ വൃക്കരോഗികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിന് സിഎച്ച് സെന്ററും സിഎച്ച് റസ്ക്യൂ ടീമും സംയുക്തമായി ആവിഷ്കരിച്ച ഡയാലിസിസ് രഹിത മുനിസിപ്പാലിറ്റി പദ്ധതിയിൽ വൃക്കരോഗ നിർണയത്തിന് സംഘടിപ്പിക്കുന്ന ക്യാന്പിന്റെ രണ്ടാംഘട്ടം 12ന് രാവിലെ ഒന്പത് മുതൽ ഉച്ചകഴിഞ്ഞ് രണ്ട് വരെ എച്ച്ഐഎംയുപി സ്കൂളിൽ നടത്തും.
കോഴിക്കോട് സിഎച്ച് സെന്ററിന്റെ കരുതലാണ് കാവൽ പരിപാടിയുടെ ഭാഗമായാണ് ക്യാന്പ് നടത്തുന്നതെന്നു സംഘാടക സമിതി ഭാരവാഹികളായ എൻ.കെ. ഹാറൂണ്, എം.പി. ബാപ്പു, എ.പി. റഹിം, ഷാജഹാൻ തുർക്കി, അംജദ് ചാലിൽ, ഇ.എച്ച്. മുബഷീർ, സി.പി. മജീദ്, ഷാജി അമ്മായത്ത്, എ. റസാഖ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നഗരസഭയിൽ 18 പ്രദേശങ്ങളിൽ നടത്തിയ ഒന്നാംഘട്ട ക്യാന്പിൽ 2,480 ആളുകളുടെ മൂത്രം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ വൃക്കരോഗ ലക്ഷണങ്ങളുള്ള 170 പേർക്കും ഒന്നാംഘട്ട ക്യാന്പ് ഉപയോഗപ്പെടുത്താത്തവർക്കുമാണ് രണ്ടാംഘട്ട ക്യാന്പ്. ഒന്നാംഘട്ട കാന്പിൽ വൃക്കരോഗ ലക്ഷണങ്ങൾ കണ്ടെത്തിയവരെ രണ്ടാംഘട്ട ക്യാന്പിൽ രക്ത പരിശോധനയ്ക്കു വിധേയമാക്കും. രോഗം സ്ഥിരീകരിക്കുന്നവരുടെ നാലു വർഷത്തെ ചികിത്സ സിഎച്ച് സെന്റർ ഏറ്റെടുക്കും.
കോഴിക്കോട് സിഎച്ച് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ ഉൾപ്പെടുന്ന 12 അംഗ മെഡിക്കൽ ടീം രണ്ടാംഘട്ട ക്യാന്പിനു നേതൃത്വം നൽകും. 500 ആളുകളിൽ മൂത്ര-രക്ത പരിശോധന നടത്തുന്നതിന് സൗകര്യമാണ് ക്യാന്പിൽ ഒരുക്കിയിരിക്കുന്നത്. ബോധവത്കരണവും ക്യാന്പിന്റെ ഭാഗമാണ്. നഗരസഭയ്ക്ക് പുറത്ത് താമസിക്കുന്നവർക്കും ക്യാന്പിൽ പങ്കെടുക്കാം. ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും.