പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിനെതിരായ ആരോപണം : ബാങ്കിനെ തകർക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണം: കോണ്ഗ്രസ്
1598426
Friday, October 10, 2025 4:28 AM IST
പുൽപ്പള്ളി: കുടിയേറ്റ കാർഷിക മേഖലയിലെ പൊതു സമൂഹത്തിന്റെ ആശ്രയ കേന്ദ്രമായ പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിനെ തകർക്കാൻ അരാഷ്ട്രീയ വാദികളും, വട്ടിപ്പലിശക്കാരും, ബ്ലെയ്ഡ് കന്പനിക്കാരും ആയ ചില രാഷ്ട്രീയ നേതാക്കളുടെ ക്വട്ടേഷൻ എടുത്തിരിക്കുകയാണെന്നും ബാങ്കിനെ നുണ പ്രചാരണത്തിലൂടെ തകർക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്നും കോണ്ഗ്രസ് നേതാക്കൾ പുൽപ്പള്ളിയിൽ വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.
അരാഷ്ട്രീയ വാദികളായ ചില സമരസമിതി നേതാക്കളും ബ്ലെയ്ഡ് വട്ടിപ്പലിശ മാഫിയ നിയന്ത്രിക്കുന്ന ചില രാഷ്ട്രീയ നേതാക്കളും നടത്തിയ ഗൂഢാലോചനകളുടെ ബാക്കിപത്രമാണ് ഇപ്പോൾ നടക്കുന്ന സ്പോണ്സേർഡ് ക്വട്ടേഷൻ സമരം. ഇതിന്റെ തെളിവുകൾ ഉടൻ പുറത്തുവരുമെന്നും നേതാക്കൾ പറഞ്ഞു.
1922 ൽ ഐക്യനാണയ സംഘമായി കുപ്പത്തോട് മാധവൻ നായരുടെ നേതൃത്വത്തിൽ ആരംഭിച്ച് 1964ൽ ബാങ്കായി രജിസ്റ്റർ ചെയ്ത പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തന്നാണ്ട് ലാഭത്തിലെത്തിച്ചത് 2010 മുതൽ 2018 വരെ ബാങ്ക് ഭരിച്ച കെ.കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണ സമിതിയാണ്. ഇതിന് ബാങ്ക് രേഖകൾ സാക്ഷിയാണ്.
ബാങ്ക് വളർച്ചയുടെ പാതയിലാണെന്ന് മനസിലായപ്പോൾ രാഷ്ട്രീയ എതിരാളികൾ ഭരണപക്ഷവുമായി ചേർന്ന് അന്തർധാര രൂപപ്പെടുത്തുകയും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി അന്വേഷണ പ്രഹസനങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കുകയും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പിരിച്ചു വിടുകയും ചെയ്തു.
പിന്നീട് അധികാരത്തിൽ വന്ന അഡ്മിനിസ്ടേറ്റിവ് കമ്മിറ്റി ബാങ്കിനെ വളർത്താൻ ശ്രമിക്കാതെ മുൻഭരണ സമിതിയെ ഭരണസ്വാധീനം ഉപയോഗിച്ച് വേട്ടയാടുവാനാണ് സമയം കണ്ടെത്തിയത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്വാധീനത്തിൽ നിരവധി കള്ളക്കേസുകൾ മുൻഭരണ സമിതിക്കതിരെ ചാർത്തി. കേസുകൾ കോടതികളുടെ പരിഗണനയിലാണ്.
കോടതികളിൽ നില്ക്കുന്ന കേസുകളുടെ വിഷയത്തിൽ ക്വട്ടേഷൻ സംഘം ഇപ്പോൾ സമര പ്രഹസനങ്ങളുമായി വന്നതിന്റെ പിന്നിലെ ചേതോവികാരം അങ്ങാടിപ്പാട്ടാണ്. തെരഞ്ഞെടുപ്പ് വരുന്പോഴാണ്. പുൽപ്പള്ളിയിൽ ഇത്തരം സമരങ്ങൾ പൊട്ടി മുളയ്ക്കുന്നതും അകാലചരമം പ്രാപിക്കുന്നതും. ഇവരുടെ സമരത്തിന് ആത്മാർത്ഥതയുണ്ടെങ്കിൽ കോടതിയിൽ നിലവിലുള്ള കേസുകളിൽ കക്ഷി ചേരുകയാണ് വേണ്ടത്.
എക്കാലവും ഇടതുപക്ഷക്കാരനായിരുന്ന കേളക്കവല രാജേന്ദ്രൻ നായരുടെ ദുരൂഹ മരണം കടക്കെണി ആത്മഹത്യയാക്കുകയും നിരപരാധികളെ കള്ളക്കേസിൽ കുടുക്കി ജയിലലടപ്പിക്കുകയും ചെയ്തതിന് പിന്നിലും വൻ ഗൂഢാലോചന നടന്നതായാണ് വിശ്വസിക്കപ്പെടുന്നത്. രാജേന്ദ്രൻ നായരുടെ ദൂരൂഹ മരണത്തെക്കുറിച്ച് സമഗ്രമായ സിബിഐ അന്വേഷണം ആവശ്യമാണ്. ഉന്നത രാഷ്ട്രീയ ഭരണതല സമരസമിതി നേതാക്കളുടെ ഇടപെടൽ പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം കൊണ്ട് മാത്രമേ സാധ്യമാകു.
ജനങ്ങളെ കബളിപ്പിക്കുന്ന സമരത്തിന്റെ യഥാർത്ഥ സത്യം പൊതുജനങ്ങളോടു വിളിച്ചു പറഞ്ഞ ബാങ്ക് പ്രസിഡന്റിനെ ഭീഷണിപ്പെടുത്തിയതിന് ന്യായീകരണമില്ല. സമരാഭാസത്തിന്റെ പേരിൽ പുൽപ്പള്ളിയിലെ സമാധാന അന്തരീക്ഷം മലീമസമാക്കുന്നത് പുൽപ്പള്ളി പോലീസ് കണ്ടില്ലെന്ന് നടിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ബാങ്കിൽ നിന്ന് വായ്പയെടുത്ത് വീട്വച്ചവരെയും ഇഞ്ചികൃഷി നടത്തിയവരെയും വിദേശത്ത് ജോലിക്കു പോയവരെയുമൊക്കെ പ്രലോഭിപ്പിച്ച് സമരം നടത്തിച്ച് മുതലെടുപ്പ് നടത്താനാണ് സമരസമിതി ശ്രമിക്കുന്നത്.
സമരം പൊളിഞ്ഞപ്പോൾ സ്വാർത്ഥലാഭത്തിനു വേണ്ടി 95 വയസുള്ള വന്ദ്യവയോധികനെ പോലും കൊലയ്ക്ക് കൊടുത്ത് കൂടുതൽ മരണങ്ങളും ആത്മഹത്യകളും സൃഷ്ടിച്ച് മുതലെടുപ്പ് നടത്താൻ ശ്രമിച്ചവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ നിയമപാലകരും പൊതുസമൂഹവും തയാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ നേതാക്കളായ കെ.സി. ജേക്കബ്, വിജയൻ തോപ്രാംകുടി, കെ.വി. ക്ലീറ്റസ്, മധു മാങ്കോട്ടിൽ, സജി വിരിപ്പാമറ്റത്തിൽ, കെ.എം. ഷിനോയ് എന്നിവർ എന്നിവർ പങ്കെടുത്തു.