പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ ക്രമക്കേട് : കോണ്‍ഗ്രസ് നേതാവിന്റെ വീട്ടുപടിക്കല്‍ സത്യഗ്രഹവുമായി കുടുംബങ്ങള്‍
1599346
Monday, October 13, 2025 5:29 AM IST
പുൽപ്പള്ളി: സർവീസ് സഹകരണ ബാങ്കിൽ വായ്പ വിതരണത്തിൽ നടത്തിയ ക്രമക്കേടുമൂലം കടക്കെണിയിലായെന്ന് അവകാശപ്പെടുന്ന കേളക്കവല പറന്പേക്കാട്ടിൽ ഡാനിയേൽ-സാറാക്കുട്ടി ദന്പതികളും 2023ൽ ആത്മഹത്യചെയ്ത ചെന്പകമൂല കിഴക്കേ ഇളയിടത്ത് രാജേന്ദ്രൻ നായരുടെ(55)കുടുംബവും ബാങ്ക് മുൻ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കെ.കെ. ഏബ്രഹാമിന്റെ വീട്ടുപടിക്കൽ പന്തൽ കെട്ടി അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി.
വായ്പ ക്രമക്കേട് ഇരകൾക്ക് സഹകരണ വകുപ്പ് പുറപ്പെടുവിച്ച സർചാർജ് ഉത്തരവ് നടപ്പാക്കി പണയവസ്തുവിന്റെ രേഖകൾ തിരികെ നൽകുക, വായ്പ വിതരണത്തിൽ ക്രമക്കേട് നടത്തിയ ബാങ്ക് ഭരണസമിതി അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരേ കർശന നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് സമരം.
കെപിസിസി മുൻ ജനറൽ സെക്രട്ടറിയാണ് കെ.കെ. ഏബ്രഹാം. രാജേന്ദ്രൻ നായരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രേരണക്കുറ്റത്തിന് കേസെടുത്ത് പോലീസ് അറസ്റ്റുചെയ്ത സാഹചര്യത്തിലാണ് ഏബ്രഹാം പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.
വായ്പ ക്രമക്കേട് ഇരകൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡാനിയേൽ-സാറാക്കുട്ടി ദന്പതികളും രാജേന്ദ്രൻ നായരുടെ കുടുംബവും ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തിയിരുന്നു.
ഒരാഴ്ച നീണ്ട സമരം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാറിന്റെ നേതൃത്വത്തിൽ ബാങ്ക് അധികൃതരും സമര സമിതി നേതാക്കളും നടത്തിയ ചർച്ചയെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനിപ്പിച്ചത്. സർചാർജ് നടപടികൾ വേഗത്തിലാക്കാൻ ജോയിന്റ് രജിസ്ട്രാർക്ക് അപേക്ഷ നൽകുമെന്നും സർചാർജ് ഉത്തരവിനെതിരായ സ്റ്റേ ഒഴിവാകുന്നതിന് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നും ബാങ്ക് അധികൃതർ ഉറപ്പുനൽകിയിരുന്നു. ഇതിനിടയിലാണ് ഏബ്രഹാമിന്റെ വീടിനു മുന്പിലെ സമരം.
രാഷ്ട്രീയ വിരോധികളും ബ്ലെയ്ഡ് സംഘങ്ങളും സ്പോണ്സർ ചെയ്ത സമരമാണ് തന്റെ വീടിനു മുന്പിൽ നടക്കുന്നതെന്ന് ഏബ്രഹാം പ്രതികരിച്ചു. താൻ ബാങ്ക് പ്രസിഡന്റായിരുന്ന കാലയളവിൽ വായ്പ വിതരണത്തിൽ ക്രമക്കേട് നടത്തിയെന്ന ആരോപണവും ഇതേത്തുടർന്നുണ്ടായ കേസുകളും ആസൂത്രിതമായിരുന്നുവെന്ന് ഏബ്രഹാം പറഞ്ഞു. വായ്പ വിതരണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിജിലൻസ് കേസും ഇഡി കേസും നടന്നുവരികയാണ്. രാജേന്ദ്രൻ നായരുടെ മരണത്തിൽ ലോക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസും തീർപ്പായില്ല.