വയനാട് ജില്ലാ സ്കൂൾ കായികമേളയ്ക്ക് കൽപ്പറ്റയിൽ 13ന് തുടക്കം
1598837
Saturday, October 11, 2025 5:35 AM IST
കൽപ്പറ്റ: വയനാട് റവന്യു ജില്ലാ സ്കൂൾ കായികമേള 13 മുതൽ 15 വരെ തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ ആതിഥേയത്വത്തിൽ മരവയൽ എ.കെ. ജിനചന്ദ്രൻ മെമ്മോറിയൽ സ്റ്റേഡിയത്തിൽ നടത്തും.
പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ടി. മണി, തരിയോട് പഞ്ചായത്ത് അംഗം വിജയൻ തോട്ടുങ്കൽ, പഞ്ചായത്ത് അംഗവും എംപിടിഎ പ്രസിഡന്റമായ സുന നവീൻ, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനർ ശ്രീജിത്ത് വാകേരി, തരിയോട് ജിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് ബെന്നി മാത്യു, എസ്എംസി ചെയർമാൻ വി. മുസ്തഫ, പ്രിൻസിപ്പൽ എം. രാധിക, ഹെഡ്മിസ്ട്രസ് ഉഷ കനിയിൽ, പബ്ലിസിറ്റി കമ്മിറ്റി ജോയിന്റ് കണ്‍വീനർ എൻ.പി. മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം.
ഉപജില്ലാ മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ കായികതാരങ്ങളാണ് ജില്ലാതലത്തിൽ മാറ്റരയ്ക്കുക. 98 ഇനങ്ങളിൽ ആയിരത്തോളം കായികതാരങ്ങൾ പങ്കെടുക്കും. അധ്യാപകർക്ക് പ്രത്യേകം മത്സരങ്ങൾ ഉണ്ടാകും. 13ന് രാവിലെ 10.30ന് രജിസ്ട്രഷൻ ആരംഭിക്കും. 11ന് മുനിസിപ്പൽ ഓഫീസ് പരിസരത്തുനിന്ന് പുതിയ സ്റ്റാൻഡിലേക്ക് വിളംബര റാലി നടത്തും. 1.30ന് മത്സരങ്ങൾ തുടങ്ങും.
100 മീറ്റർ, 1500 മീറ്റർ ഓട്ടം, പോൾ വാൾട്ട്, ഡിസ്കസ് ത്രോ, ഹർഡിൽസ്, ഷോട്ട്പുട്ട് മത്സരങ്ങൾ ആദ്യദിവസം നടത്തും. 14ന് രാവിലെ എട്ടിന് നടത്ത മത്സരം ആരംഭിക്കും. ഒന്‍പതിന് ജില്ലാ വിദ്യാഭ്യാസ ഉപഡയറകർ പതാക ഉയർത്തും. തുടർന്ന് കായികതാരങ്ങളുടെ മാർച്ച് പാസ്റ്റ്, ദീപശിഖ പ്രയാണം എന്നിവ നടക്കും. മേള ഉദ്ഘാടനം 11ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിക്കും. ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിക്കും.
ഓട്ടം, ചാട്ടം, ഡിസ്കസ് ത്രോ, ഹർഡിൽസ്, ഷോട്ട്പുട്ട്, ഹാമർ ത്രോ മത്സരങ്ങൾ രണ്ടാംദിവസം നടക്കും. 15ന് രാവിലെ 7.30ന് കരിങ്കുറ്റി സ്കൂൾ ഗ്രൗണ്ടിൽനിന്നു മുണ്ടേരി സ്കൂള്‍ ഗ്രൗണ്ടിലേക്ക് ക്രോസ് കണ്ട്രി മത്സരം നടക്കും. മേളയുടെ മൂന്നാം ദിനമാണ് അധ്യാപകർക്കുള്ള മത്സരങ്ങൾ. റിലേ ആണ് അവസാന മത്സര ഇനം.
സമാപനസമ്മേളനം വൈകുന്നേരം നാലിന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിക്കും.