മെച്ചപ്പെട്ട മഴ നീലഗിരിയിൽ കൃഷിക്കു ഗുണമായി
1599101
Sunday, October 12, 2025 5:34 AM IST
ഗൂഡല്ലൂർ: കഴിഞ്ഞ മാസങ്ങളിൽ മെച്ചപ്പെട്ട അളവിൽ ലഭിച്ച മഴ നീലഗിരിയിൽ കൃഷിക്ക് ഗുണമായി. ഈ വർഷം ജില്ലയിൽ വരൾച്ചമൂലം കൃഷിനാശം ഉണ്ടാകില്ലെന്ന് കൃഷി ഡയറക്ടർ ശിബില മേരി പറഞ്ഞു.
നീലഗിരിയിൽ ഏകദേശം 60,000 ഏക്കറിലാണ് തേയില, പച്ചക്കറി കൃഷികൾ. ഉൗട്ടി മേഖലയിലെ എമറാൾഡ്, ആടശോല, കേത്തി, അവിലാഞ്ചി, പാലട, എളനെല്ലി തുടങ്ങിയ പ്രദേശങ്ങളിലാണ് പച്ചക്കറികൾ കൂടുതൽ കൃഷി ചെയ്യുന്നത്. കാരറ്റ്, മുള്ളങ്കി, മുട്ടക്കോസ്, ബീൻസ്, പച്ചമുളക്, വെളുത്തുള്ളി കൃഷികൾ വ്യാപകമാണ്. തേയിലക്കൃഷിയെ ആശ്രയിച്ചാണ് ജില്ലയിലെ ജനങ്ങളിൽ 60 ശതമാനത്തിന്റെ ഉപജീവനം.
അനുയോജ്യമായ കാലാവസ്ഥയിൽ കർഷകർ സന്തോഷിക്കുന്നുണ്ടെങ്കിലും വിളകൾക്ക് മതിയായ വില ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പച്ചത്തേയില കിലോഗ്രാമിന് 30 രൂപ തറവില കർഷകരുടെ ദീർഘകാല ആവശ്യമാണ്. എന്നാൽ പ്രഖ്യാപനത്തിന് സർക്കാർ തയാറാകുന്നില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അവഗണിക്കുന്നതിൽ കർഷകരിൽ പ്രതിഷേധം ശക്തമാണ്.