കളശല്യം: നെൽകർഷകർ ദുരിതത്തിൽ
1599375
Monday, October 13, 2025 6:21 AM IST
സുൽത്താൻ ബത്തേരി: നെല്ലിനോടൊപ്പം വളർന്ന് പൊങ്ങിയ കളകൾ നെല്ലിന് ഭീഷണിയായതോടെ കർഷകർ ആശങ്കയിലായി. നൂൽപ്പുഴ പഞ്ചായത്തിലെ കണ്ണങ്കോട്, കരടിമാട് തുടങ്ങിയ പാടശേഖരങ്ങളിലാണ് നെല്ലിൽ വ്യാപകമായി കള കണ്ടുവരുന്നത്. വിത്തിന്റെയും വളത്തിന്റെയും കൂടെയാണ് കളയുടെ വിത്തും ചേരുന്നത്.
ഇവ നെല്ല് വളരുന്നതോടൊപ്പം വളരുന്നു. നേരത്തെ കളയുണ്ടായിരുന്ന പാടശേഖരങ്ങളിലെ കളവിത്തുകൾ മണ്ണിൽ കിടക്കുകയും അവ മഴ വെള്ളത്തോടൊപ്പം ഒലിച്ച് വയലുകളിലേയ്ക്ക് എത്തുകയും ചെയ്യും. നെല്ലും കളയും തിരിച്ചറിയാനാകാത്ത വിധമാണ് ഇവയുടെ വളർച്ച. നെല്ല് വിളഞ്ഞ് പാകമാകുന്പോഴേക്കും കളയുടെ വിത്തും പാകമായിട്ടുണ്ടാകും. കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്തെടുക്കുന്പോൾ ഈ കളകൾ തരംതിരിച്ചെടുക്കാനും കഴിയാറില്ല.
നെല്ല് പകമാകുന്നതിന് മുൻപ് കള കണ്ടെത്തി പറിച്ച് മാറ്റിയില്ലെങ്കിൽ നെല്ലിനെ കള വിഴുങ്ങുകയും വിളവ് കുറയുകയും ചെയ്യും. കള നീക്കം ചെയ്യുന്നതിന് വൻ തുക കളനാശിനികൾക്കായി കർഷകർ ചെലവഴിക്കുന്നുണ്ടെങ്കിലും കാര്യമായ ഫലം ലഭിക്കുന്നില്ലന്നാണ് കർഷകർ പറയുന്നത്. ഒരു ഏക്കർ വയലിൽ നിന്ന് 10 മുതൽ 15 ക്വിന്റൽ നെല്ല് ലഭിച്ചിരുന്ന സ്ഥാനത്ത് കളശല്യം രൂക്ഷമായ വയലിൽ നിന്ന് അഞ്ച് ക്വിന്റലിൽ താഴെ മാത്രമാണ് നെല്ല് കിട്ടുന്നുള്ളുവെന്നാണ് കർഷകർ പറയുന്നത്.