ജില്ലയിലെ ആദ്യ ഒപി ലെവൽ പഞ്ചകർമ ചികിത്സാകേന്ദ്രം മൂപ്പൈനാടിൽ തുടങ്ങുന്നു
1598838
Saturday, October 11, 2025 5:35 AM IST
കൽപ്പറ്റ: ജില്ലയിലെ ആദ്യ ഒപി ലെവൽ പഞ്ചകർമ ചികിത്സാകേന്ദ്രം മൂപ്പൈനാട് പഞ്ചായത്തിലെ പാടിവയലിൽ പ്രവർത്തനം തുടങ്ങുന്നു. മുൻ എംഎൽഎ സി.കെ. ശശീന്ദ്രന്റെ ആസ്തി വികസന നിധി ഉപയോഗപ്പെടുത്തി പാടിവയലിൽ ഡയാലിസിസ് സെന്ററിന് നിർമിച്ച കെട്ടിടത്തിലാണ് ഗവ.ആയുർവേദ ഡിസ്പെൻസറിക്കു കീഴിൽ പഞ്ചകർമ ചികിത്സ ആരംഭിക്കുന്നത്.
കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 11ന് ടി. സിദ്ദിഖ് എംഎൽഎ നിർവഹിക്കുമെന്ന് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷൈബാൻ സലാം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഡയാന മച്ചോഡോ, ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.സി.എൻ. രേഖ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പഞ്ചകർമ ചികിത്സാകേന്ദ്രത്തോടനുബന്ധിച്ച് ഫിസിയോ തെറാപ്പി യൂണിറ്റ് പ്രവർത്തിക്കും.
ഡിസ്പെൻസറിയിൽ എത്തുന്ന രോഗികളിൽ മെഡിക്കൽ ഓഫീസർ നിർദേശിക്കുന്നവർക്കാണ് ഒപി ലെവൽ പഞ്ചകർമ ചികിത്സയും ഫിസിയോ തെറാപ്പിയും സർക്കാർ നിശ്ചയിച്ച നിരക്കിൽ ലഭ്യമാകുക. ചികിത്സ ഉപകരണങ്ങൾ, സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം മുറികൾ, വിശ്രമമുറി എന്നിവ കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്. സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും മെച്ചപ്പെട്ട ആയുർവേദ ചികിത്സ ലഭ്യമാക്കുകയാണ് ഒപി ലെവൽ കേന്ദ്രങ്ങളുടെ ലക്ഷ്യം.
സംസ്ഥാനത്ത് 25 ഒപി ലെവൽ പഞ്ചകർമ ചികിത്സാ കേന്ദ്രങ്ങളാണ് നാഷണൽ ആയുഷ് മിഷൻ ആരംഭിക്കുന്നത്. ഓരോ കേന്ദ്രത്തിലും പ്രത്യേകം മെഡിക്കൽ ഓഫീസറും തെറാപ്പിസ്റ്റുകളും മറ്റു ജീവനക്കാരും ഉണ്ടാകും. ശുചിത്വം, അണുനശീകരണം, മാലിന്യ സംസ്കരണം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കി ആയുഷ് വകുപ്പ് ഈ വർഷം ആരംഭിച്ച കായകൽപ പുരസ്കാര നിർണയത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചത് മൂപ്പൈനാട് ഗവ.ആയുർവേദ ഡിസ്പെൻസറിക്കാണ്.