വ്യാജ സിഗരറ്റ് വിതരണം നടത്തി മുങ്ങിയ യുവാവ് പിടിയിൽ
1600157
Thursday, October 16, 2025 5:37 AM IST
മാനന്തവാടി: വ്യാജ സിഗരറ്റ് വിൽപ്പനക്കേസിൽ ഉൾപ്പെട്ടശേഷം വിദേശത്തേക്ക് മുങ്ങിയ യുവാവ് പിടിയിൽ. ബത്തേരി പള്ളിക്കണ്ടി കായാടൻ വീട്ടിൽ മുഹമ്മദ് യാസിനെയാണ്(23) തലപ്പുഴ പോലീസ് അറസ്റ്റുചെയ്തത്.
2024 സെപ്റ്റംബറിൽ ഐടിസി കന്പനിയുടെ ബ്രാൻഡ് ആയ ഗോൾഡ് ഫ്ളേക്കിന്റെ സിഗരറ്റ് പാക്കറ്റുകൾ വ്യാജമായി നിർമിച്ച് തലപ്പുഴ ടൗണിലെ കച്ചവടക്കാർക്ക് വിൽപ്പന നടത്തുകയായിരുന്നു.
വിവരമറിഞ്ഞ ഐടിസി കന്പനിയുടെ അംഗീകൃത വിതരണക്കാർ സ്ഥലത്ത് എത്തിയപ്പോൾ സിഗരറ്റ് പാക്കറ്റുകൾ ഉപേക്ഷിച്ച് മുങ്ങിയ ഇയാൾ കേസിൽപ്പെട്ടതറിഞ്ഞ് ഖത്തറിലേക്ക് കടക്കുകയായിരുന്നു. പോലീസ് ഇയാൾക്കെതിരേ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം കരിപ്പൂർ എയർപോർട്ടിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്.