കെ.കെ. ഏബ്രഹാമിന്റെ വീടിനു മുന്പിൽ നടന്ന സത്യഗ്രഹത്തിനു പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളെന്ന് പൊതുപ്രവർത്തകൻ
1600712
Saturday, October 18, 2025 5:07 AM IST
കൽപ്പറ്റ: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ വായ്പ വിതരണത്തിൽ നടത്തിയ ക്രമക്കേടുകൾമൂലം കടക്കെണിയിലായെന്ന് അവകാശപ്പെട്ട് കേളക്കവല പറന്പേക്കാട്ടിൽ ഡാനിയേൽ-സാറാക്കുട്ടി ദന്പതികളും 2023ൽ ആത്മഹത്യ ചെയ്ത ചെന്പകമൂല കിഴക്കേ ഇളയിടത്ത് രാജേന്ദ്രൻ നായരുടെ കുടുംബവും കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാമിന്റെ ചുണ്ടക്കൊല്ലിയിലെ വസതിക്കുമുന്പിൽ നടത്തിയ സത്യഗ്രഹത്തിനു പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളെന്ന് പൊതുപ്രവർത്തകനും അഭിഭാഷകനുമായ പുൽപ്പള്ളി കാപ്പിക്കുന്ന് കെ.എം. മനോജ് വാർത്താസമ്മേളനത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്.
കെപിസിസി പുനഃസംഘടനയുടെയും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിലായിരുന്നു ഏബ്രഹാമിന്റെ വീടിനു മുന്പിൽ പന്തൽ കെട്ടിയുള്ള സമരം. വായ്പ വിതരണത്തിലെ ക്രമക്കേടുകളുടെ പേരിൽ ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. ഏബ്രഹാം ഉൾപ്പെടെയുള്ളവർക്കെതിരേ വിജിലൻസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രജിസ്റ്റർ ചെയ്ത കേസുകൾ കോടതിയിൽ നടന്നുവരികയാണ്.
ബാങ്കിനുണ്ടായതായി കണ്ടെത്തിയ നഷ്ടം നികത്തുന്നതിന് സഹകരണ വകുപ്പ് പുറപ്പെടുവിച്ച സർച്ചാർജ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കയാണ്. രാജേന്ദ്രൻനായരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടും സ്വകാര്യ പരാതിയിലും ലോക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളും കോടതിയുടെ പരിഗണനയിലാണ്.
കടങ്ങൾ എഴുതിത്തള്ളി പണയവസ്തുവിന്റെ പ്രമാണങ്ങൾ തിരികെ നൽകുക, ശാരീരിക, മാനസിക പീഡനത്തിന് നഷ്ടപരിഹാരം അനുവദിക്കുക, വായ്പ ക്രമക്കേടിലെ മുഴുവൻ ഇരകൾക്കും നീതി ലഭ്യമാക്കുക, രാജേന്ദ്രൻ നായരുടെ ആശ്രിതനു ബാങ്കിൽ ജോലി നൽകുമെന്ന വാഗ്ദാനം പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഏബ്രഹാമിന്റെ വീടിനു മുന്പിൽ സമരം സംഘടിപ്പിച്ചത്.
ഈ ആവശ്യങ്ങളൊന്നും ബാങ്ക് മുൻ പ്രസിഡന്റു മാത്രമായ ഏബ്രഹാമിനു പരിഹരിക്കാൻ കഴിയുന്നതല്ല. കേസുകൾ കോടതിയിലിരിക്കേ സമരം പ്രശ്നപരിഹാരത്തിന് ഉതകുന്നല്ല. കുറ്റാരോപിതനെങ്കിലും ഏബ്രഹാമിന്റെ വീടിനു മുന്പിൽ നടന്ന സമരം അദ്ദേഹത്തിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ് സമരക്കാർ ചെയ്തത്.
ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായർ തന്റെ ബന്ധുവാണ്. അദ്ദേഹത്തെ വിഷം അകത്തുചെന്നു മരിച്ചനിലയിൽ കണ്ടെത്തിയ ദിവസം മൃതദേഹം പോസ്റ്റുമോട്ടത്തിനു കൊണ്ടുപോകുന്നതിനുപോലും സഹകരിക്കാത്തവരാണ് കുടുംബത്തെ സമരത്തിന് ഇറക്കിയത്.
കടക്കെണിയിൽ അകപ്പെട്ടതിലുള്ള മനോവ്യഥയാണോ രാജേന്ദ്രൻ നായരെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതിൽ തനിക്ക് വ്യക്തതയില്ല. രാജേന്ദ്രൻ നായരുടെ കടം എഴുതിത്തള്ളുമെന്നും ആശ്രിതന് ബാങ്കിൽ ജോലി നൽകുമെന്നും കുടുംബത്തിന് ആരെങ്കിലും ഉറപ്പുനൽകിയതായി അറിവില്ല.
രാജേന്ദ്രൻ നായരുടെ മരണത്തെക്കുറിച്ച് മകൻ പോലീസിൽ വിവരം നൽകുന്പോഴോ തുടർന്നുള്ള ദിവസങ്ങളിലോ ഇല്ലാതിരുന്ന ആരോപണമാണ് പിന്നീട് ഏബ്രഹാമിനെതിരേ ഉന്നയിച്ചത്. ആത്മഹത്യ പ്രേരണയ്ക്കും 2022ൽ ഡാനിയേൽ ദന്പതികൾ നൽകിയ പരാതിയിലും ലോക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റിലായ ഏബ്രഹാം 43 ദിവസം റിമാൻഡിൽ കഴിഞ്ഞതാണ്.
ഡാനിയേൽ ദന്പതികളുടെ പരാതിയിൽ മാസങ്ങൾ കഴിഞ്ഞ് രാജേന്ദ്രൻ നായരുടെ ആത്മഹത്യ വിവാദമായശേഷമാണ് പോലീസ് കേസെടുത്തത്. ഇഡി കേസിൽ ഏബ്രഹാം ഒന്പത് മാസം റിമാൻഡിലായിരുന്നു.
വായ്പ ക്രമക്കേട് ഇരകളിൽപ്പെട്ട പറന്പേക്കാട്ട് സാറാക്കുട്ടി പുൽപ്പള്ളി പഞ്ചായത്ത് ബസ്സ്റ്റാൻഡിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തിവരികയാണ്. ഏബ്രഹാമിന്റെ വീടിനു മുന്പിലെ സമരം അവസാനിപ്പിച്ചശേഷമാണ് ഇവർ നിരാഹാര സത്യഗ്രഹം തുടങ്ങിയത്. രാഷ്ട്രീയ താത്പര്യത്തിനു കുതന്ത്രങ്ങൾ പയറ്റുന്നവരുടെ ബലിയാടാണ് ഇവർ.
വായ്പ വിതരണത്തിൽ ക്രമക്കേട് നടത്തിയവർക്കെതിരേ നടപടിയും ഇരകൾക്ക് നീതിയും ആവശ്യപ്പെട്ട് മുന്പ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ബാങ്കിനു മുന്പിൽ നടന്ന സമരത്തിൽ 95 ദിവസം താൻ പങ്കെടുത്തിട്ടുണ്ട്. കേസെടുത്ത സാഹചര്യത്തിലാണ് സമരത്തിൽനിന്നു ഒഴിവായതെന്നും ബത്തേരി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റുമായ മനോജ് പറഞ്ഞു.