ഉൗരാളുങ്കലിനോടുള്ള സർക്കാരിന്റെ കരുതൽ അഴിമതിക്ക് തുല്യം: ആം ആദ്മി പാർട്ടി
1536413
Tuesday, March 25, 2025 8:37 AM IST
കൽപ്പറ്റ: ഉരുൾപൊട്ടലിനെ തുടർന്ന് ചൂരൽമല പുന്നപ്പുഴയിൽ അടിഞ്ഞുകൂടി 5.7 ദശലക്ഷം ക്യുബിക് മീറ്റർ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് ഉൗരാളുങ്കൽ കണ്‍സ്ട്രക്ഷൻ കന്പനിക്ക് 195.55 കോടി രൂപ നൽകുന്നതിനുള്ള കേരള സർക്കാർ തീരുമാനത്തിനെതിരേ ആം ആദ്മി പാർട്ടി വയനാട് ജില്ലാ കൗണ്‍സിൽ പ്രതിഷേധം രേഖപ്പെടുത്തി.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള വീട്ടി, തേക്ക്, അയനി, വെണ്ടേക്ക് തുടങ്ങിയ മരങ്ങളും ലക്ഷക്കണക്കിന് ഘന അടി കല്ലും മണലുമാണ് അവശിഷ്ടങ്ങൾ. ഇവയ്ക്കെല്ലാം കൂടി ആയിരം കോടിയിലധികം രൂപയുടെ മാർക്കറ്റ് മൂല്യമുണ്ട്.
ടെൻഡറിലൂടെ ലേലം ചെയ്ത് സർക്കാർ ഖജനാവിന് മുതൽകൂട്ടാക്കാമെന്നിരിക്കെ 195 കോടിയിലധികം രൂപ ഉൗരാളുങ്കൽ കണ്‍സ്ട്രക്ഷൻ കന്പനിക്ക് കൊടുക്കാനുള്ള സർക്കാർ തീരുമാനം അഴിമതിയാണ്. ഈ തീരുമാനവുമായി സർക്കാർ മുൻപോട്ടു പോവുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ജില്ലയിൽ ആരംഭിക്കുമെന്ന് ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡന്റ് ഡോ.എ.ടി. സുരേഷ് അറിയിച്ചു. ദുരന്തത്തെ മറയാക്കി സർക്കാർ ഉൗരാളുങ്കലിന് പണം ഉണ്ടാക്കി കൊടുക്കാനാണ് ശ്രമിക്കുന്നത്.
ടൗണ്‍ഷിപ്പ് വർക്കുകളും ടെൻഡർ വിളിക്കാതെ ഉൗരാളുങ്കലിന് നൽകിയതും ഇതിന്റെ ഭഗമാണ്. ഉൗരാളുങ്കലിനോടുള്ള കരുതലിന്റെ നൂറിൽ ഒന്ന് ദുരന്തബാധിതരോട് കാണിക്കാൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ആംആദ്മി പാർട്ടി നൽകിയ പരാതിയിൽ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള നടപടി എടുക്കേണ്ട ഉദ്യോഗസ്ഥർ മനഃപൂർവം പരാതി അവഗണിക്കുന്നത് വയനാടിനോടുള്ള ക്രൂരതയാണെന്നും കൽപ്പറ്റ ജില്ലാ ഓഫീസിൽ വച്ചു ചേർന്ന ജില്ലാ കൗണ്‍സിൽ യോഗം അഭിപ്രായപ്പെട്ടു.