പുൽപ്പള്ളി പഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം 27ന്
1535694
Sunday, March 23, 2025 6:11 AM IST
പുൽപ്പള്ളി: പഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരം 27ന് രാവിലെ 10ന് പ്രിയങ്ക ഗാന്ധി എംപി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, വൈസ് പ്രസിഡന്റ് ശോഭന സുകു, ആതിര മത്തായി, മണി പാന്പനാൽ, പ്രണവം ബാബു, ബെന്നി കുറുന്പാലക്കാട്ട്, കെ.എസ്. സ്കറിയ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം.
മന്ദിരത്തിലെ കുടുംബശ്രീ ഓഫീസ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. രാഷ്ട്രപിതാവിന്റെ പ്രതിമ അനാച്ഛാദനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിക്കും. ജൈവ വൈവിധ്യ രജിസ്റ്റർ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ പ്രകാശനം ചെയ്യും. മന്ദിരം ഉദ്ഘാടനത്തിനു മുന്നോടിയായി സീതാദേവി ലവകുശ ക്ഷേത്ര പരിസരത്തുനിന്നു റാലി നടത്തും.
കെട്ടിടം ഉദ്ഘാടനത്തിനുശേഷം അമൃത സ്കൂൾ ഗ്രൗണ്ടിൽ പൊതുസമ്മേളനത്തിൽ പ്രിയങ്ക ഗാന്ധി പ്രസംഗിക്കും. മാരപ്പൻമൂല റോഡിൽ നൂറ്റിപ്പതിനേഴിലാണ് കെട്ടിടം. നാല് നിലകളിൽ 25,000 ചതുരശ്രയടിയാണ് വിസ്തീർണം. 5.9 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്. ജില്ലാ നിർമിതി കേന്ദ്രമാണ് പ്രവൃത്തി നടത്തിയത്.