മുണ്ടക്കൈ, വെള്ളാർമല സ്കൂളുകളുടെ പുനർനിർമാണം വേഗത്തിലാക്കണം: കെഎസ്ടിസി
1515063
Monday, February 17, 2025 5:29 AM IST
കൽപ്പറ്റ: ഉരുൾ പൊട്ടലിൽ തകർന്ന മുണ്ടക്കൈ, വെള്ളാർമല സ്കൂളുകളുടെ പുനർനിർമാണം വേഗത്തിലാക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ(കെഎസ്ടിസി)ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മേപ്പാടിയിൽ ഗവ.സ്കൂളിലും പഞ്ചായത്ത് കെട്ടിടത്തിലുമാണ് സ്കൂളുകൾ താത്കാലികമായി പ്രവർത്തിക്കുന്നത്.
ഭൂരിഭാഗം കുട്ടികളും ചൂരൽമല ഭാഗത്തുനിന്നും 12 കിലോമീറ്ററോളം യാത്രചെയ്താണ് മേപ്പാടിയിൽ വന്നുപോകുന്നതെന്നു സമ്മേളനം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ജനതാദൾ ജില്ലാ പ്രസിഡന്റ് ഡി. രാജൻ ഉദ്ഘാടനം ചെയ്തു. കെഎസ്ടിസി ജില്ലാ പ്രസിഡന്റ് ഒ. കെ. മുഹമ്മദ് ഷാനവാസ് അധ്യക്ഷത വഹിച്ചു. ആർജെഡി മണ്ഡലം പ്രസിഡന്റ് കെ.ബി. രാജുകൃഷ്ണ, കഐസ്ടിസി സംസ്ഥാന സെക്രട്ടറി എ.എ. സന്തോഷ്കുമാർ, പി.ജെ. ജോമിഷ്, സിജോയ് ചെറിയാൻ, എ.വൈ. നയനാനന്ദൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഒ.കെ. മുഹമ്മദ് ഷാനവാസ്(പ്രസിഡന്റ്), പി.ആർ. ദിവ്യ(വൈസ് പ്രസിഡന്റ്), പി.ജെ. ജോമിഷ്(സെക്രട്ടറി), എ.വൈ. നിഷാല(ജോയിന്റ് സെക്രട്ടറി), സിജോയ് ചെറിയാൻ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.