കർഷകരുടെ പ്രശ്നങ്ങൾ പരിഹരിച്ചു
1515056
Monday, February 17, 2025 5:29 AM IST
ഉൗട്ടി: നീലഗിരി ജില്ലയിലെ കാരറ്റ് കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി. ജില്ലയിൽ 3200 ഹെക്ടറിലാണ് കാരറ്റ് കൃഷി ചെയ്യുന്നത്. മേട്ടുപാളയം, ചെന്നൈ, തിരുച്ചി, ബംഗളൂരു എന്നിവിടങ്ങളിലെ മാർക്കറ്റുകളിലേക്കാണ് വിൽപ്പനയ്ക്കായി നീലഗിരി കാരറ്റ് കയറ്റി അയക്കുന്നത്. എന്നാൽ നീലഗിരി കാരറ്റിനൊപ്പം കർണാടക കാരറ്റ് കൂടി തിരുകി കയറ്റി നീലഗിരി കാരറ്റിന്റെ പേരും പെരുമയും നഷ്ടപ്പെടുത്തുന്നതായി കർഷകർ പരാതി ഉന്നയിച്ചിരുന്നു.
ഇതേത്തുടർന്ന് കൃഷിവകുപ്പ് ഡയറക്ടർ ശിബിലാ മേരിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. കർണാടക കാരറ്റും നീലഗിരി കാരറ്റും കാരറ്റ് ശുദ്ധീകരിക്കുന്ന കേന്ദ്രത്തിലെത്തിച്ചാണ് രണ്ടും ഒന്നാക്കി മാറ്റുന്നത്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്നും ആവർത്തിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് കൃഷിവകുപ്പ് ഡയറക്ടർ പറഞ്ഞു.