കാട്ടാന ആക്രമണം: സർക്കാർ വാക്കുപാലിച്ചില്ലെന്ന് പോളിന്റെ ഭാര്യാപിതാവ് തോമസ്
1515028
Monday, February 17, 2025 4:43 AM IST
പുൽപ്പള്ളി: വനം വകുപ്പ് വാച്ചർ പോൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് പോളിന്റെ ഭാര്യാപിതാവ് തോമസ്.
പോൾ മരിച്ചിട്ട് ഒരു വർഷം പൂർത്തിയായിട്ടും പോൾ മരിച്ച ശേഷം കുടുംബത്തിന് 50 ലക്ഷം രൂപ നൽകുമെന്നും കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്നും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകാമെന്നും കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുമെന്നും കരാർ വച്ചിരുന്നു. എന്നാൽ പ്രാഥമികമായി ലഭിച്ച 10 ലക്ഷം രൂപയല്ലാതെ മറ്റൊരു കാര്യവും പാലിക്കപ്പെട്ടിട്ടില്ല. നിരന്തരമായി ഇതിൽ ഇടപെട്ടിട്ടും ഒരു കാര്യവുമുണ്ടായില്ല.
വനംമന്ത്രി എ.കെ. ശശീന്ദ്രനെയും പട്ടികവർഗ മന്ത്രി ഒ.ആർ. കേളുവിനെയും കണ്ട് കാര്യങ്ങൾ ബോധ്യപ്പെ ടുത്തിയെങ്കിലും നടപടികൾ പുരോഗമിക്കുകയാണെന്നാണ് ഇവർ പറയുന്നത്. വിഷയം നിയമസഭയിൽ സബ്മിഷൻ ആയി ഉന്നയിക്കാൻ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയോട് അഭ്യർഥിച്ചെങ്കിലും അതുമുണ്ടായില്ല. സംഭവം നടന്നിട്ട് ഒരുവർഷമായിട്ടും ഇപ്പോഴും ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയാണെന്നും തോമസ് പറഞ്ഞു.
ശരിയാക്കി തരാമെന്ന മറുപടി മാത്രമാണ് എല്ലാവരിൽ നിന്നും ലഭിക്കുന്നത്. സംഭവം നടന്നതിന് പിന്നാലെ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉൾപ്പെടെ വീട് സന്ദർശിച്ചിരുന്നു. എന്നാൽ, അതിനുശേഷം ആരും കുടുംബത്തിന്റെ സ്ഥിതിയും വിവരങ്ങളും തിരക്കാൻ വന്നില്ലെന്നും അത് സങ്കടകരമായ കാര്യമാണെന്നും തോമസ് പറഞ്ഞു.