സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ വയനാട്
1511991
Friday, February 7, 2025 5:23 AM IST
കൽപ്പറ്റ: രണ്ടാം പിണറായി സർക്കാരിന്റെ നാലാമത് ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് അവതരിപ്പിക്കാനിരിക്കേ പ്രതീക്ഷയോടെ വയനാട്.
പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിത കുടുംബങ്ങളുടെ കണ്ണീർ ഒപ്പാനും ആരോഗ്യമേഖലയിൽ ജില്ലയുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഉതകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നു കരുതുന്നവർ നിരവധി. വനാതിർത്തി പ്രദേശങ്ങളിലെ അതിരൂക്ഷമായ വന്യജീവിശല്യം ലഘൂകരിക്കുന്നതിനുള്ള പദ്ധതികൾക്ക് ബജറ്റിൽ പ്രത്യേകം തുക വകയിരുത്തുമെന്ന അനുമാനവും പൊതുവേയുണ്ട്.
കഴിഞ്ഞ ബജറ്റിൽ വയനാടിനു മാത്രമായി എടുത്തുപറയത്തക്ക പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നില്ല. സർക്കാർ കടുത്ത സാന്പത്തിക പ്രയാസത്തിലാണെങ്കിലും ഇത്തവണ ചിത്രം മാറുമെന്നു ചിന്തിക്കുന്നവർ കുറവല്ല.
കാർഷിക പ്രതിസന്ധി ലഘൂകരണം, ചുരം ബൈപാസ്, ബദൽ റോഡുകൾ, വയനാട് ഗവ.മെഡിക്കൽ കോളജ്, ടൂറിസം വികസനം, കാർഷികാധിഷ്ഠിത വ്യവസായങ്ങൾ, എയർസ്ട്രിപ്, പട്ടികവർഗക്ഷേമം എന്നിവയെക്കുറിച്ചു ബജറ്റിൽ പ്രത്യേക പരാമർശം ഉണ്ടാകുമെന്ന് അവർ പറയുന്നു.
പ്രതിസന്ധികൾ തരണം ചെയ്യുന്നതിനും സന്പദ്വ്യവസ്ഥയെ കൂടുതൽ ചലനാത്മകമാക്കുന്നതിനും സഹായകമായ നിർദേശങ്ങളാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു പറഞ്ഞു. ബജറ്റിൽ വയനാടിന് പ്രത്യേക പരിഗണന ഉണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, സംസ്ഥാന ബജറ്റിൽ അദ്ഭുതങ്ങൾ പ്രതീക്ഷിക്കേണ്ടെന്നു കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ. പൗലോസ് പറഞ്ഞു. ജില്ലയോടുള്ള ഇടതുസർക്കാരിന്റെ അവഗണന ഒരിക്കൽക്കൂടി പ്രകടമാക്കുന്നതാകും ബജറ്റ് നിർദേശങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.