ശിശുമലയിലെ ക്വാറി ക്രഷർ പ്രവർത്തനം: 22ന് കളക്ടറേറ്റിന് മുന്നിൽ പ്രതീകാത്മക സമരം നടത്തും
1461193
Tuesday, October 15, 2024 1:55 AM IST
പുൽപ്പള്ളി: ശിശുമലയിലെ ക്വാറിക്രഷർ പ്രവർത്തനംമൂലം ദുരിതമനുഭവിക്കുന്ന പ്രദേശവാസികൾ 22ന് കളക്ടറേറ്റിന് മുന്നിൽ പ്രതീകാത്മക സമരം നടത്തുമെന്ന് നാട്ടുകാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പരിഹാരമുണ്ടായില്ലെങ്കിൽ മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുടിൽകെട്ടി സമരം ആരംഭിക്കും. മുള്ളൻകൊല്ലി പഞ്ചായത്തിലെ ക്വാറി പ്രശ്നങ്ങളിലേക്ക് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധക്ഷണിക്കുന്നതിനായാണ് സമരം സംഘടിപ്പിക്കുന്നത്.
ക്വാറി തുറക്കണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത സമരം ക്വാറി ഉടമകളുടെ പിന്തുണയോടെ നടത്തുന്നതാണ്. കുറച്ച് ആളുകളുടെ തൊഴിലിനുവേണ്ടി ഒരു നാടിനെ ഒന്നാകെ നശിപ്പിക്കാനാവില്ല. വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച് യഥാർഥ വിഷയത്തിൽനിന്നും വഴിതിരിച്ചുവിടുന്നതിനാണ് ഇപ്പോൾ ശ്രമം നടത്തുന്നത്.
ജനങ്ങളുടെ പരാതികൾക്ക് യാതൊരു വിലയും കല്പിക്കാത്ത ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും ക്വാറി ഉടമകളുടെ അപേക്ഷ പരിശോധിക്കാനാണിപ്പോൾ വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കുന്നത്. ശിശുമലയിലെ ക്വാറിക്കെതിരേ പ്രദേശവാസികൾ ഗ്രാമസഭാ യോഗം ചേർന്ന് പ്രമേയം പാസാക്കിയതാണ്.
ക്വാറിക്കെതിരേ നാട്ടുകാരും പഞ്ചായത്ത് ഭരണ സമിതിയും ജില്ലാ ഭരണകൂടത്തിനും വിവിധ വകുപ്പ് അധികാരികൾക്കും മാസങ്ങൾക്ക് മുന്പ് പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ക്വാറികളുടെ പ്രവർത്തനംമൂലം സമീപവാസികൾക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സ്ഥിതിയാണ്. വലിയ വിള്ളലുകൾ രൂപപ്പെട്ട് വീടുകളെല്ലാം അപകടാവസ്ഥയിലാണ്. കിണറുകളെല്ലാം ഉപയോഗശൂന്യമായി. പൊടിശല്യംമൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരും നിരവധിയുണ്ട്. രാജു പുതുപ്പറന്പിൽ, ദേവസ്യ പൂവത്തോട്ടത്തിൽ, സിബി ഉണ്ണിപ്പള്ളിൽ, ജോജി നീറംപുഴ, മെർളിൻ കൈപ്പള്ളിൽ, റിപ്സണ് മുണ്ടോടിയിൽ, രതീഷ് തയ്യിൽ, ചാക്കോ മതുക്കൽ, ജോഷി മൂലയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.