പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ മുഴുവൻ വായ്പകളും എഴുതിത്തള്ളണം: മേധ പട്കർ
1460911
Monday, October 14, 2024 4:38 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്തബാധിതരുടെ മുഴുവൻ വായ്പകളും എഴുതിത്തള്ളണമെന്ന് വിഖ്യാത പരിസ്ഥിതി പ്രവർത്തകയും ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം കണ്‍വീനറുമായ മേധ പട്കർ.
ചൂരൽമല റിലീഫ് സെന്റർ മേപ്പാടി ബസ്സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ജനകീയ കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നേരിട്ടും അല്ലാതെയും ദുരിന്തബാധിതരായ മുഴുവൻ ആളുകളുടെയും കടങ്ങൾ എഴുതിത്തള്ളാൻ ബാങ്കുകൾ തയാറാകണം. ഇക്കാര്യത്തിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഇടപെടണം.
പുഞ്ചിരിമട്ടം ദുരന്തബാധിതരുടെ സന്പൂർണ പുനരധിവാസമാണ് നടത്തേണ്ടത്. ചൂരൽമല റിലീഫ് സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന കാന്പയിനിന് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും മേധ പറഞ്ഞു. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ പ്രസംഗം പരിഭാഷപ്പെടുത്തി.
റിലീഫ് സെന്റർ സംഘടിപ്പിച്ച റാലിയിലും കണ്‍വൻഷനിലും പങ്കെടുക്കുന്നതിന് ദുരന്തബാധിത പ്രദേശമായ ചൂരൽമല സന്ദർശിച്ചശേഷമാണ് മേധ പട്കർ എത്തിയത്. ചൂരൽമലയിൽ സ്ത്രീകളുമായി സംസാരിച്ച അവർ സാഹചര്യങ്ങൾ മനസിലാക്കി. പഞ്ചായത്ത് ഓഫീസ് പരിസരത്തു ആരംഭിച്ച റാലിയിൽ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽനിന്നുള്ള 300 ഓളം പേർ അണിനിരന്നു. മുൻനിരയിൽനിന്ന് മേധ പട്കർ റാലി നയിച്ചു.
കണ്‍വൻഷനിൽ സംഘാടക സമിതി അംഗം നസീർ ആലക്കൽ അധ്യക്ഷത വഹിച്ചു. ടി. സിദ്ദിഖ് എംഎൽഎ മുഖ്യാതിഥിയായി. ദുരന്തബാധിതരുടെ കടങ്ങൾ പൂർണമായും എഴുതിത്തള്ളണമെന്ന ആവശ്യം നിയമസഭയിൽ അതിശക്തമായി ഉന്നയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധ രാമസ്വാമി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷംസുദ്ദീൻ, പി.കെ. മുരളീധരൻ, എ.എസ്. അജി,
എൻ.കെ. സുകുമാരൻ, കെ.വി. പ്രകാശ്, ഷാജിമോൻ ചൂരൽമല എന്നിവർ പ്രസംഗിച്ചു. ചൂരൽമലയിൽനിന്നുള്ള സംരംഭക സബിത രവീന്ദ്രൻ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. ചൂരൽമല റിലീഫ് സെന്റർ പ്രോഗ്രാം കണ്‍വീനർ സി.കെ.രാജേഷ് കുമാർ, സാമൂഹിക പ്രവർത്തകരായ മജു വർഗീസ്, ശരത് ചേലൂർ, ഫസലുദ്ദീൻ, മനു, സുനീഷ് മാധവൻ, വാഹിദ് എന്നിവർ നേതൃത്വം നൽകി.