മലവെള്ളപ്പാച്ചിലിൽ നെൽകൃഷി നശിച്ചു
1460331
Thursday, October 10, 2024 9:12 AM IST
സുൽത്താൻ ബത്തേരി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയിൽ കല്ലൂർ, നൂൽപ്പുഴ, തേക്കുംപറ്റ ഭാഗങ്ങളിൽ വെള്ളം കയറി നെൽകൃഷി നശിച്ചു. വനമേഖലയോട് ചേർന്നു കിടക്കുന്ന പ്രദേശത്തെ നെൽവയലുകളിലാണ് മലവെള്ളമൊഴുകി കൃഷി നശിച്ചത്.
കല്ലൂർ തേക്കുംപറ്റയിലെ രാധാകൃഷ്ണന്റെ അര ഏക്കർ നെൽ കൃഷി നശിച്ചു. കതിരാകാനായ ഞാറാണ് മണലും ചെളിയും കയറി നിലംപരിശായത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വനത്തിൽ നിന്നുള്ള മലവെള്ളം ശക്തമായി ഒഴുകിയെത്തി സമീപത്തെ രാജീവ് ഗാന്ധി റെസിഡൻഷ്യൽ സ്കൂളിന്റെ ഗേൾസ് ഹോസ്റ്റലിലെ മതിൽ തകർത്തു.
വനമേഖലയിൽ നിന്ന് ഒഴുകിയെത്തിയ വെള്ളത്തിന് സുഗമമായി ഒഴുകി പോകാൻ സാധിക്കാതെ വന്നതോടെയാണ് ഹോസ്റ്റലിന്റെ മതിൽ തകർത്ത് ഹോസ്റ്റലിലേയ്ക്കും വയലുകളിലേക്കും വെള്ളം കുത്തിയൊഴുകിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കൈത്തോടിൽ അടിഞ്ഞ കാട് വെട്ടി വൃത്തിയാക്കാനോ ചെളി കോരി മാറ്റാനോ അധികൃതർ തയാറാകാത്തതും വീതി കൂട്ടി കോണ്ക്രീറ്റ് ചെയ്യാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് കർഷകർ ആരോപിക്കുന്നത്.
ഹോസ്റ്റൽ മതിലും കൃഷിയും നശിച്ചതിനു പുറമേ സമീപത്തെ കോളനിയിലെ വീടുകളിലേക്കും വെള്ളം ഇരച്ചെത്തി. വനത്തോട് ചേർന്ന് കിടക്കുന്ന വയലുകളിലേയ്ക്ക് വെള്ളം കുത്തനെ ഒഴുകിയെത്തുന്നത് നിയന്ത്രിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയാൽ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് പ്രദേശവാസികൾ പറഞ്ഞു.