കുറുവാ ദ്വീപിലേക്ക് പ്രവേശനം നിഷേധിച്ച സംഭവം: സർവകക്ഷി യോഗം ചേർന്നു
1460329
Thursday, October 10, 2024 9:12 AM IST
മാനന്തവാടി: പാൽവെളിച്ചം ഭാഗത്തുകൂടെ കുറുവാ ദ്വീപിലേക്ക് പ്രവേശനം നിഷേധിച്ച സംഭവത്തിൽ പ്രദേശവാസികളുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു.
കക്ഷി രാഷ്ട്രീയ ഭേദമന്യേ കുറുവദ്വീപ് പരിസരത്ത് ഒത്തുചേർന്ന യോഗത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ഇന്ന് കൽപ്പറ്റയിലെ സൗത്ത് വയനാട് ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്യും. ദ്വീപിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കണമെന്നും പാൽവെളിച്ചം കവാടത്തിൽക്കൂടി പ്രവേശനം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് മാർച്ച് നടത്തുന്നത്.
പാൽവെളിച്ചം ഭാഗത്തുകൂടിയുള്ള പ്രവേശനം ഇല്ലാതാകുന്നതോടെ മാനന്തവാടി നഗരസഭയിലും തിരുനെല്ലി പഞ്ചായത്തിലും കുറുവാ ദ്വീപിനെ ആശ്രയിച്ചു ജീവിക്കുന്നവരുടെ പ്രയാസങ്ങൾ യോഗം ചർച്ച ചെയ്തു.
ടാക്സി ഡ്രൈവർമാർ, ഹോട്ടൽ നടത്തിപ്പുകാർ തുടങ്ങി നിരവധിപേർ യോഗത്തിൽ പങ്കെടുത്തു. സർവകക്ഷി കർമസമിതിയോഗം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
കൗണ്‍സിലർമാരായ ടിജി ജോണ്സണ്, ഷിബു കെ. ജോർജ്, കെ.സി. സുനിൽകുമാർ, ആലീസ് സിസിൽ, സ്മിത തോമസ്, ഡിടിപിസി അംഗം പി.വി. സഹദേവൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എ.എം. നിഷാന്ത്, കെ.പി. മധു, ഹാരിസ് കാട്ടിക്കുളം, സണ്ണി ജോർജ്, ടൂറിസം സംഘടനാ പ്രവർത്തകരായ ബാബു ഫിലിപ്പ്, ബ്രാൻ അലി തുടങ്ങിയവർ പ്രസംഗിച്ചു.