ഭിന്നശേഷി വിദ്യാർഥികളുടെ കലോത്സവം നടത്തി
1459501
Monday, October 7, 2024 6:10 AM IST
സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലോത്സവം "കൂട്ട്’ എന്ന പേരിൽ നായ്ക്കെട്ടി എഎൽപി സ്കൂളിൽ നടത്തി.
പാട്ടുപാടിയും നൃത്തം ചെയ്തും ചിത്രങ്ങൾ വരച്ചും കുട്ടികൾ സർഗശേഷി പ്രകടിപ്പിച്ചു. ഉണ്ണിയാർച്ചയായും ദുരന്തത്തിൽ കൈക്കുഞ്ഞുമായി രക്ഷപ്പെട്ട രക്ഷിതാവായും വേദിയിലെത്തിയ കുട്ടികൾ സദസിന്റെ കൈയടി നേടി.
സംഘനൃത്തം, നാടോടി നൃത്തം, ഒപ്പന, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളിൽ പഞ്ചായത്തിലെ 30 ഓളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ, എം.എ. ദിനേശൻ, അനീഷ് പിലാക്കാവ്, ഓമന പങ്കളം, ധന്യ, ഐസിഡിഎസ് സൂപ്പർവൈസർമാരായ സുനിത, സിനി, അങ്കണവാടി ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.