പേര്യ ചുരം റോഡ് നവീകരണം ശാസ്ത്രീയമായി നടത്തണം: യൂത്ത് കോണ്ഗ്രസ്
1459050
Saturday, October 5, 2024 5:51 AM IST
മാനന്തവാടി: പേര്യ ചുരം റോഡ് നവീകരണം ശാസ്ത്രീയമായി നടത്തണമെന്ന് യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രവൃത്തിയിലെ അപാകതയാണ് ഇന്നലെ രാവിലെ മണ്ണിടിഞ്ഞ് തൊഴിലാളി മരിക്കാനിടയാക്കിയതെന്നു യോഗം ആരോപിച്ചു. പാർശ്വഭിത്തി നിർമാണത്തിന്റെ ഭാഗമായി സെന്ററിംഗ് ജോലിക്കിക്കിടയാണ് തൊഴിലാളി ചന്ദനത്തോട് ചെറുവത്ത് പീറ്റർ മരിച്ചത്. അപകടത്തിൽ രണ്ട് തൊഴിലാളികൾക്കു പരിക്കുണ്ട്. പ്രവൃത്തിക്കു നിയോഗിച്ച തൊഴിലാളികളുടെ സുരക്ഷയ്ക്കു സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. ആവശ്യത്തിന് ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടില്ല.
കരാറുകാരനെതിരേ കേസെടുക്കണം. ഈ രീതിയിൽ പോയാൽ രണ്ടുവർഷം കഴിഞ്ഞാലും റോഡുപണി പൂർത്തിയാകില്ലെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ലയണൽ മാത്യു, ഡിസിസി ജനറൽ സെക്രട്ടറി എം.ജി. ബിജു, യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിജോ വരയാൽ, മീനാക്ഷി രാമൻ, വിജിൻ തലപ്പുഴ, നിജിൻ ജയിംസ്, സ്വപ്ന പ്രിൻസ്, പി.എം. നിതിൻ, എം.വി. വിൻസന്റ്, ലത പേരിയ, പി.സി. രാജു, ജനാർദനൻ എന്നിവർ പ്രസംഗിച്ചു.
പേര്യ ചുരം റോഡ് നവീകരണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ഇന്നലെ രാവിലെ ബോയ്സ് ടൗണിൽ പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെയാണ് അപകടവാർത്ത എത്തിയത്.
ഇതേത്തുടർന്നു പ്രതിഷേധം ഒഴിവാക്കി യൂത്ത് കോണ്ഗ്രസ് നേതാക്കളും പ്രവർത്തകരും അപകടസ്ഥലവും പീറ്ററിന്റെ വീടും സന്ദർശിച്ചു.