വയനാട് ഉത്സവത്തിന് തിരക്കേറുന്നു
1459047
Saturday, October 5, 2024 5:51 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആഘാതത്തിൽനിന്നു വിനോദസഞ്ചാര മേഖലയെ തിരികെ പിടിക്കാൻ സംഘടിപ്പിച്ച വയനാട് ഉത്സവിന് തിരക്കേറുന്നു.
കാരാപ്പുഴയിലും എൻ ഉൗരിലുമാണ് വയനാട് ഉത്സവ്. കാരാപ്പുഴയിൽ ജില്ലാ ഭരണകൂടവും ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കലാ-സാംസ്ക്കാരിക പരിപാടികൾ വിനോദസഞ്ചാരികൾക്കും തദ്ദേശീയർക്കും വിരുന്നാകുകയാണ്.
ഡാം ഗാർഡനിലെ ആംഫി തിയറ്റർ വേദിയിൽ നടക്കുന്ന കലാപരിപാടികൾ ആസ്വദിക്കാൻ നിരവധിയാളുകളാണ് എത്തുന്നത്. പൂജ അവധിയും ദസറ ആഘോഷവും കണക്കിലെടുത്ത് ഓരോ ദിവസവും പ്രകാശവിതാനങ്ങൾ ആധാരമാക്കി പ്രവേശന കവാടം സജ്ജമാക്കുന്നുണ്ട്. കാരാപ്പുഴയിൽ ഇന്നു വൈകുന്നേരം കടത്തനാടൻ കളരി സംഘത്തിന്റെ കളരിപ്പയറ്റ് പ്രദർശനം നടക്കും. ജിതിൻ സണ്ണി മെന്റലിസം അവതരിപ്പിക്കും.
എൻ ഉൗരിൽ ഇന്നു രാവിലെ 10ന് കണിയാന്പറ്റ എംആർഎസിലെ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കും. വൈകുന്നേരം നാല് മുതൽ 6.30 വരെ കന്പളക്കാട് യുവപാണ്ഡവ നാടൻപാട്ടുകളും കലാരൂപങ്ങളുംഅവതരിപ്പിക്കും.ഉണരുന്ന വയനാടിന് പിന്തുണയുമായി സഞ്ചാരികൾ ജില്ലയിലെത്തുന്നുണ്ട്.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നു ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവ് വർധിച്ചു. വയനാട് സുരക്ഷിതമാണ് എന്ന ജില്ലാ ഭരണകൂടത്തിന്റെ സന്ദേശ പ്രചാരണം ലക്ഷ്യം കാണുകയാണെന്ന് ടൂറിസം രംഗത്തുള്ളവർ പറഞ്ഞു.