കോ ഓർഡിനേറ്റർ നിയമനത്തിൽ ഹരിതകർമസേനാംഗങ്ങൾക്ക് മുൻഗണന; മഹിളാ കോണ്ഗ്രസ് അപേക്ഷ നൽകി
1454656
Friday, September 20, 2024 5:16 AM IST
കൽപ്പറ്റ: ഹരിതകർമസേന കോ ഓർഡിനേറ്റർ നിയമനത്തിൽ ഹരിതകർമസേനാംഗങ്ങൾക്ക് മുൻഗണന ലഭിക്കുന്നതിന് തദ്ദേശ സ്വയംഭരണ മന്ത്രിക്കും സംസ്ഥാന കുടുംബശ്രീ മിഷൻ അധികൃതർക്കും മഹിളാ കോണ്ഗ്രസ് അപേക്ഷ നൽകിയതായി ജില്ലാ പ്രസിഡന്റ് ജിനി തോമസ്, വൈസ് പ്രസിഡന്റ് മേഴ്സി സാബു, ജില്ലാ സെക്രട്ടറി ഒ.ജെ. ബിന്ദു, കൽപ്പറ്റ ബ്ലോക്ക് പ്രസിഡന്റ് ആയിഷ പള്ളിയാൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് ജില്ലാതലത്തിലും തദ്ദേശസ്ഥാപനതലത്തിലുമാണ് ഒന്നുവീതം ഹരിതകർമസേന കോ ഓർഡിനേറ്റർ നിയമനം നടത്തുന്നത്. ജില്ലാ കോ ഓർഡിനേറ്റർ നിയമനത്തിന് കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളിൽ ബിരുദാനന്തരബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും 40 വയസിൽ താഴെ പ്രായവുമുള്ളവരിൽനിന്നാണ് അപേക്ഷ ക്ഷണിച്ചത്.
തദ്ദേശസ്ഥാപനതലത്തിൽ ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും 40 വയസിൽ താഴെ പ്രായമുള്ള ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കാണ് കോ ഓർഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കാൻ കഴിയുക. വർഷങ്ങളായി ഹരിതകർമസേനയിൽ പ്രവർത്തിക്കുന്ന വനിതകളെ കോ ഓർഡിനേറ്റർ നിയമനത്തിനു പരിഗണിക്കാത്ത സാഹചര്യമാണ് നിലവിൽ.
പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തനപരിചയവും 40 വയസിനു മുകളിൽ പ്രായമുള്ള ഹരിതകർമസേനാംഗങ്ങൾക്ക് കോ ഓർഡിനേറ്റർ നിയമനം നൽകണമെന്നാണ് മന്ത്രിക്കും മറ്റും നൽകിയ അപേക്ഷയിലെ ആവശ്യമെന്ന് മഹിളാ കോണ്ഗ്രസ് നേതാക്കൾ പറഞ്ഞു. ഹരിതകർമസേനാംഗങ്ങൾക്ക് നിയമനം നൽകിയശേഷമുള്ള ഒഴിവുകളിൽ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെ പരിഗണിക്കാവുന്നതാണെന്നും അവർ വ്യക്തമാക്കി.
2018ൽ ആരംഭിച്ചതാണ് ഹരിതകർമസേന പ്രോജക്ട്. തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളിലുള്ള വീടുകളിൽനിന്നു ജൈവ, അജൈവ മാലിന്യം വേർതിരിച്ച ശേഖരിക്കുന്നതും ക്യുആർ കോഡ് പതിച്ച് യൂസർ ഫീസ് കളക്ഷൻ എടുക്കുന്നതും ബോധവത്കരണം നടത്തുന്നതും ഹരിതകർമസേനാംഗങ്ങളാണ്. പ്രോത്സാഹനമെന്ന നിലയിൽ കോ ഓർഡിനേറ്റർ നിയമനം ഇവരിൽപ്പെട്ടവർക്കാണ് നൽകേണ്ടത്. ഉയർന്ന വിദ്യാഭ്യാസമല്ല, ഫീൽഡുതല പ്രവർത്തനവും അനുഭവസന്പത്തുമാണ് കോ ഓർഡിനേറ്റർ നിയമനത്തിൽ യോഗ്യതയായി കാണേണ്ടത്.
ഐസിഡിഎസ് പ്രോജക്ടിൽ നിയമനത്തിനു പത്താം ക്ലാസ് യോഗ്യതയും പത്തുവർഷം പ്രവർത്തപരിചയവും 50 വയസിൽ താഴെ പ്രായവും ഉള്ളവർക്ക് അപേക്ഷിക്കാം. എന്നിരിക്കേ കോ ഓർഡിനേറ്റർ നിയമനത്തിൽ ഹരിതകർമസേനാംഗങ്ങളോട് സർക്കാർ കാട്ടുന്നത് ചിറ്റമ്മ നയമാണ്. ഹരിതകർമസേനയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ മെന്റർമാരെ നിയമിച്ചിരുന്നു.
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജെഎച്ച്ഐ റാങ്കിലുള്ളവരെ പരിഗണിച്ചും നിയമനങ്ങൾ നടത്തി. ഇതെല്ലാം പാളുകയാണുണ്ടായത്. ഐസിഡിഎസ് പ്രോജക്ടിലേക്കുള്ള അതേ പരിഗണന കോ ഓർഡിനേറ്റർ നിയമനത്തിൽ ഹരിതകർമസേനാംഗങ്ങൾക്ക് നൽകാൻ സർക്കാർ തയാറാകണമെന്നും മഹിളാ കോണ്ഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.