കാട്ടാന ശല്യം; എംഎൽഎയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു
1454650
Friday, September 20, 2024 5:16 AM IST
സുൽത്താൻ ബത്തേരി: നൂൽപ്പുഴ കല്ലുമുക്ക് മാറോട് പ്രദേശത്ത് കാട്ടാനശല്യം വർധിക്കുന്ന പശ്ചാത്തലത്തിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ സാന്നിധ്യത്തിൽ കല്ലുമുക്കിൽ യോഗം ചേർന്നു. ജനപ്രതിനിധികളും രാഷ്ട്രീയപ്പാർട്ടികളുടെ പ്രാദേശിക നേതാക്കളും നാട്ടുകാരും വനം ഉദ്യോഗസ്ഥരും പങ്കെടുത്തു.
കാട്ടാനശല്യം പരിഹരിക്കുന്നതിൽ വനം വകുപ്പിനു ഉദാസീനതയാണെന്ന വിമർശനം നാട്ടുകാർ നടത്തി. വന്യമൃഗശല്യത്തിന്റെ രൂക്ഷത അവർ എംഎൽഎയുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തി.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുക, തെരുവുവിളക്കുകൾ സ്ഥാപിക്കുക, കുരങ്ങുശല്യത്തിനു പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. പ്രദേശത്ത് സോളാർ തൂക്ക് ഫെൻസിംഗ് പദ്ധതി നടപ്പാക്കുന്നതിന് 1.5 കോടി രൂപയുടെ പ്രപ്പോസൽ നൽകിയതായി എംഎൽഎ അറിയിച്ചു.
നായ്ക്കെട്ടിയിൽനിന്നു മറുകര മാറോട് ആനക്കെട്ടുകൊല്ലി വഴി കല്ലുമുക്ക് വരെ 18.75 കിലോമീറ്റർ തൂക്ക് ഫെൻസിംഗ് സ്ഥാപിക്കുന്നതിനാണ് പ്രപ്പോസലെന്ന് അദ്ദേഹം വിശദീകരിച്ചു.
പുതിയ ജനജാഗ്രതാ സമിതിക്കു യോഗം രൂപം നൽകി. നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അമൽ ജോയി, വാർഡ് അംഗം ഷീന കളപ്പുരക്കൽ, എഡിസിഎഫ് സൂരജ് എന്നിവർ പ്രസംഗിച്ചു.